Sunday, April 15, 2012

ടെസ്സ കെ.എബ്രഹാം ഉയർത്തുന്ന ചിന്തകൾ








നടപ്പുകാലത്തെ നവസിനിമയ്ക്ക് മത്സരിക്കാനുള്ളത് മലയാളസിനിമയിലെ രണ്ടു ധാരകളോടാണ്; രണ്ടു സെന്‍സിബിലിറ്റികളോടാണ്. ഇപ്പോഴും 40-കളിലെ നാലുകെട്ടുകളിലും സവര്‍ണ്ണബിംബങ്ങളിലും തളഞ്ഞുകിടക്കുന്ന നമ്മുടെ പരമ്പരാഗത ആര്‍ട്ട് സിനിമകളാണ് അതിലൊന്ന്. ആധുനികജീവിതത്തിനന്യമായ സ്ഥലകാലങ്ങളും ഷോട്ടുകളുടെ വേഗതയെക്കുറിച്ചും മറ്റുമുള്ള മാമൂല്‍സങ്കല്പങ്ങളും ഇവയെ ജനങ്ങളില്‍ നിന്നകറ്റുകയും അവാര്‍ഡ്, ക്ലാസ്സ് എന്നിങ്ങനെയുള്ള ലേബലുകള്‍ പതിച്ച് ഈ സിനിമ മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നു. താരജാടകള്‍ക്കായി പുതുപ്പണക്കാര്‍ പടച്ചുണ്ടാക്കുന്ന കെട്ടുകാഴ്ചകളാണ് രണ്ടാമത്തേത്. പ്രേക്ഷകന്റെ സാമാന്യബോധത്തെ കളിയാക്കുകയും അപമാനിയ്ക്കുകയും ചെയ്യുന്ന നിലയിലേയ്ക്ക് ഈ സിനിമകള്‍ തരംതാണു കഴിഞ്ഞെങ്കിലും താരം എന്ന ഘടകം നല്‍കുന്ന മിനിമം ഗാരന്റി ഇവയുടെ വാണിജ്യമൂല്യത്തെ ഇപ്പോഴും താങ്ങിനിര്‍ത്തുന്നു. ഇരുധൃവങ്ങളിലുള്ള ഈ രണ്ടു ധാരകള്‍ക്കിടയിലൂടെയാണ് കാലമാവശ്യപ്പെടുന്ന ദൃശ്യഭാഷയുമായി സിനിമയെ അപ് ഡേറ്റ് ചെയ്യാന്‍ ഇറങ്ങിത്തിരിച്ച ഇന്നത്തെ നവസിനിമക്കാര്‍ക്ക് അതിജീവിക്കേണ്ടത്. ഇവിടെയാണ് ആഷിക് അബു ഉള്‍പ്പെടുന്ന സിനിമയിലെ യുവതയുടെ പ്രസക്തിയും.

ആഷിക് എന്ന സംവിധായകന്റെ സ്വാതന്ത്ര്യബോധം ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതാവാനിടയില്ല. സമരവീര്യവും നവചിന്തകളും നിറഞ്ഞ 90-കളിലെ മഹാരാജാസില്‍ നിന്നു തന്നെയായിരിക്കണം അതിന്റെ സ്വാഭാവിക ജനനം. 80-കളിലെ മഹാരാജാസ് ഓര്‍മ്മയിലിപ്പോഴും ജ്വലിച്ചുനില്‍ക്കുന്നു. പെണ്‍കുട്ടികള്‍ നയിക്കുന്ന സമരജാഥകള്‍ ആദ്യമായി കാണുകയായിരുന്നു. അവരുടെ സംഘശബ്ദം ആദ്യമായി കേള്‍ക്കുകയായിരുന്നു. രാഷ്ട്രീയസമരങ്ങള്‍ മാത്രമായിരുന്നില്ല മഹാരാജാസ്. റാങ്കുകള്‍ വാങ്ങിക്കൂട്ടുന്നതിനൊപ്പം കഥയിലും കവിതയിലും കലകളിലും തിളങ്ങുന്നവരുടെ ലോകമായിരുന്നു അത്. സാര്‍ത്ഥകമായ ആണ്‍പെണ്‍ സൌഹൃദങ്ങള്‍ ഞാനവിടെ കണ്ടു. ചരിത്രത്തിലിടം നേടിയ പ്രണയങ്ങള്‍ കണ്ടു. ഇംഗ്ലീഷ് വകുപ്പിലെ ക്ലാസ്സ്മുറിയില്‍ ആദ്യമായി ‘അഗ്രഹാരത്തിലെ കഴുത‘ കണ്ടു.! ചുരുക്കത്തില്‍, വിശ്വമാനവികതയുടെ ഒരു തുറസ്സായിരുന്നു മഹാരാജാസ്. ജീവിതമെന്തെന്നു പഠിപ്പിക്കുന്ന ഒരു സര്‍വകലാശാല.! ആഷിക് ഒരു യാദൃശ്ചികതയല്ല എന്നര്‍ത്ഥം.!

ഫിലിം മേക്കറെന്നനിലയില്‍, ആഷിക്കിന്റെ സ്വതന്ത്രവ്യക്തിത്വം പ്രകടമാ‍യ ചിത്രം തന്നെയായിരുന്നു ‘ഉപ്പും കുരുമുളകും.’ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് തയ്യാറാക്കിയ നവസിനിമയുടെ ഈ പാചകവിധി മലയാളി ഹൃദയത്തിലേറ്റാന്‍ കാരണം അതിലടങ്ങിയ ‘ആറ്റിറ്റ്യൂഡ്’ തന്നെയായിരിക്കണം. ഏറെക്കാലമായി സ്ത്രീകള്‍ സ്ക്രീനിലെ പശ്ചാത്തലഭംഗി മാത്രമായിത്തീര്‍ന്ന സിനിമകള്‍ക്കിടയില്‍, ഒറ്റഷോട്ടില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീപോലും തന്റെ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്നതു കണ്ടതിന്റെ സന്തോഷം മലയാളി ആഘോഷിച്ചു. ആ പ്രതീക്ഷ അസ്ഥാനത്തായില്ലെന്ന് ഇപ്പോളിതാ ‘കോട്ടയത്തെ ടെസ്സയെന്ന പെണ്‍കുട്ടി‘യും തെളിയിക്കുന്നു. വിപ്ലവമെന്നത്, എവിടെനിന്നെങ്കിലും ഇറക്കുമതി ചെയ്യേണ്ട ഒന്നല്ലെന്നും സ്വന്തം ജീവിതം കൊണ്ട് നാം സൃഷ്ടിച്ചെടുക്കേണ്ടതാണെന്നും ഈ പെണ്ണ് വിളിച്ചുപറയുന്നു.! ഇതാ ഒരു സംവിധായകന്റെ ചിത്രം എന്ന് സിനിമയെ സ്നേഹിക്കുന്നവര്‍ തമ്മില്‍ത്തമ്മില്‍ മന്ത്രിയ്ക്കുന്നു. മുന്‍കൂട്ടി റിസര്‍വ് ചെയ്തിട്ടും ഏറ്റവും മുന്‍നിരയിലാണ് സീറ്റ് കിട്ടിയത്. ആദ്യഫലങ്ങള്‍, ഈ സിനിമയെ മലയാളി ഏറ്റെടുത്തുകഴിഞ്ഞുവെന്ന് സൂചിപ്പിക്കുന്നു.!

22 എഫ്.കെ. ആഷിക്കിന്റെ സ്വാതന്ത്ര്യബോധത്തെ ഉന്നതമായ ഒരു വിപ്ലവചിന്തയിലേക്കാണ് പറിച്ചുനടുന്നത്. സ്ത്രീയുടെ സഹനം ഒരവസരമായി ഇനിയാരും കാണേണ്ടതില്ല എന്നൊരു മുന്നറിയിപ്പ് അതിലടങ്ങിയിരിക്കുന്നു. സ്വന്തം ശരീരവും ആത്മാവും കൊണ്ട് പ്രതികരിക്കൂ എന്നൊരാഹ്വാനവും ഈ സിനിമ സ്ത്രീസമൂഹത്തിനു മുന്‍പില്‍ വെയ്ക്കുന്നു. ഈ വിപ്ലവം പിടിച്ചുകുലുക്കുന്നത്, പാരമ്പര്യമായി നാം പരിപാലിച്ചുപോരുന്ന കപടസദാചാരങ്ങളെയാണ്.! അത് കടപുഴക്കുന്നത്, കാലങ്ങളായി നമ്മുടെ മനസ്സുകളില്‍ വേരുറച്ചുപോയ സ്ത്രീവിരുദ്ധസങ്കല്‍‌പ്പങ്ങളെയാണ്. അംഗീകൃത ഫെമിനിസ്റ്റുകളുടെ നാമമാത്രമായ പ്രതിഷേധങ്ങള്‍ക്കും ഔപചാരികപ്രതികരണങ്ങള്‍ക്കുമപ്പുറം, മജ്ജയും മാംസവുമുള്ള ഒരു കേരളീയവനിതയുടെ കടുത്ത ജീവിതമുഹൂര്‍ത്തങ്ങളിലൂടെ, പ്രതിരോധമാതൃകകളിലൂടെ ഒരു ഫിലിംമേക്കര്‍ തന്റേതായ രീതിയില്‍ മാറ്റത്തിനു തിരികൊളുത്തുന്നത് ഈ സിനിമയില്‍ കാണാം.!

പാരമ്പര്യത്തില്‍ നിന്നു വേറിട്ട സ്ത്രീസങ്കല്പങ്ങള്‍ സ്ക്രീനിലേയ്ക്കു പകര്‍ന്ന സംവിധായകര്‍ വിരളമാണ് മലയാളത്തില്‍. ആണിന്റെ സമഗ്രാധിപത്യത്തെയും രതിവാസനകളെയും തൃപ്തിപ്പെടുത്തുന്ന സുന്ദരചേരുവയായി അവള്‍ വെറുതെ സ്ക്രീനില്‍ വന്നുപോയി.! ഒരു പദ്മരാജനോ ഭരതനോ ജോര്‍ജ്ജോ അടൂരോ ചന്ദ്രനോ മാത്രം അവളുടെ വ്യക്തിത്വത്തെ അടുത്തുകാണാന്‍ ശ്രമിച്ചു. ആലീസിന്റെ അന്വേഷണം (ടി.വി.ചന്ദ്രന്‍) ഈ ജനുസ്സില്‍‌പ്പെടുന്ന മികച്ച പരീക്ഷണമായിരുന്നു. ആദാമിന്റെ വാരിയെല്ല് എന്ന ജോര്‍ജ്ജിന്റെ ചിത്രം ഒരുവേള, പ്രേക്ഷകരുടെ അംഗീകൃത ദൃശ്യവാസനകളോടേറ്റുമുട്ടി, കാലത്തിനു മുന്‍പേ കടന്നുപോയി. സ്ത്രീജീവിതത്തിന്റെ പൊള്ളുന്ന നേരുകള്‍ ഇവര്‍ ചരിത്രത്തിനു മുന്‍പില്‍ രേഖപ്പെടുത്തിവെച്ചു. പതിയെപ്പതിയെ, ഇതുപോലുള്ള സത്യപ്രസ്താവങ്ങള്‍ക്ക് മലയാളസിനിമയിലിടമില്ലാതായി. 22 എഫ്.കെയിലൂടെ ഇപ്പോഴിതാ മറ്റൊരു മലയാളസിനിമകൂടി ചരിത്രത്തിലിടം നേടുന്നു. പുതിയ സ്ഥലത്തിലും കാലത്തിലും തറച്ചുനിര്‍ത്തി, ചിരപരിചിതമായ സ്ത്രീയുടെ ചരിത്രത്തെ അത് മാറ്റിമറിയ്ക്കുന്നു. ഒപ്പം സിനിമയുടെയും.

സാമൂഹ്യവിപ്ലവത്തെപ്പറ്റിയുള്ള നമ്മുടെ ദിവാസ്വപ്നങ്ങള്‍ പണ്ടേ പൊലിഞ്ഞതാണ്. അനുദിനം മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ലോകത്തെ കൃത്യമായി വ്യാഖ്യാനിയ്ക്കുകപോലും ഒരുവേള, ഇന്നെളുപ്പമല്ല. ആധികാരികതയെന്നത് ഈ സൈബര്‍കാലത്ത് ഒട്ടും അനാ‍യാസവുമല്ല. അത്യപൂര്‍വമായ ചരിത്രബോധവും പ്രതിഭയും കഠിനാധ്വാനവും ഒപ്പം ധൈര്യവും ഒത്തുചേര്‍ന്നവര്‍ക്കു മാത്രമുള്ളതാണ് കലയുടെ പുതുവഴികള്‍. എങ്കിലും, ആഷിക്കിന്റെ ഈ വേറിട്ട വഴി ചില പ്രതീക്ഷകളുണര്‍ത്തുന്നു. നിരാശയുടെ പടുകുഴിയില്‍ നിന്നുപോലും ചില വിപ്ലവസാധ്യതകളെ അത് വീണ്ടെടുക്കുന്നു.

ഈ സിനിമയിലൂടെ ആഷിക് ഏറ്റെടുത്തു വിജയിപ്പിച്ച ചില ചെറുവിപ്ലവങ്ങളുണ്ട്. സ്ത്രീയ്ക്ക് സ്വന്തംനിലയില്‍ ഒരു പ്രതിരോധം ആവശ്യമാണെന്നു പറയുന്നതിനൊപ്പം അവളെ സഹഭാവത്തോടെ കാണുന്ന പുരുഷന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നും ഈ സിനിമ ഉറപ്പുനല്‍കുന്നു. മനംമയക്കുന്ന പ്രണയച്ചിരിയില്‍, Can I have sex with you.? എന്ന ചോദ്യമൊളിപ്പിച്ച സുന്ദരപുരുഷന്മാരെക്കുറിച്ച് ജാഗ്രതപുലര്‍ത്താന്‍ അവളോടാവശ്യപ്പെടുന്നു. കന്യകാത്വമടക്കം സ്ത്രീയെ സംബന്ധിച്ച നിരവധി സാമൂഹ്യമായ മുന്‍വിധികളെ ഈ ചിത്രം തകര്‍ക്കുന്നു. സ്ത്രീശാക്തീകരണത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന റിയല്‍ലൈഫ് വിഷ്വലുകള്‍ ആദ്യമായി ഉപയോഗിച്ചുകൊണ്ട് മാര്‍ക്കറ്റിംഗിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആഷിക്കിനു കഴിഞ്ഞിരിക്കുന്നു.

ഉപ്പും കുരുമുളകും എന്ന സിനിമ നല്‍കിയ ഉറപ്പില്‍, പൊട്ടിച്ചിരിക്കാന്‍ തയ്യാറായി തീയറ്ററിലെത്തുന്ന ആഷിക്കിന്റെ സ്ഥിരം പ്രേക്ഷകരെ ഈ സിനിമ അല്പമൊന്നു നിരാശപ്പെടുത്തിയേക്കാം. എന്നാല്‍, ചടുലമായ ദൃശ്യവിന്യാസം കൊണ്ട്, അഭിനയത്തികവുകൊണ്ട്, ഡയലോഗിലെ ആര്‍ജ്ജവം കൊണ്ട്, നവ്യമായ ജീവിതസമീപനം കൊണ്ട് അവരെ തന്റെ പ്രമേയത്തിലേയ്ക്ക് കൈപിടിച്ചുനടത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചു. എങ്കിലും മലയാളി എന്നും പരാതിക്കാരനാണല്ലോ.? അവന്‍ അപ്പോഴും നെറ്റി ചുളിയ്ക്കും. പെണ്ണിന്റെ പ്രതികാരം ഒരു ക്ലീഷേയല്ലേ.? ‘ഒരു പെണ്ണിന്റെ കഥ‘യില്‍ നമ്മളിതു കണ്ടതല്ലേ, നോക്കൂ, ചില രംഗങ്ങള്‍ മെലോഡ്രാമയിലേയ്ക്കു വഴുതിയില്ലേ.? എന്നൊക്കെ ചോദിക്കും. പക്ഷേ, അതൊന്നും കാര്യമാക്കാനില്ല. ക്രൂരമായ നിസ്സംഗതയോടെ നാം കണ്ടുനിന്ന സൌമ്യയുടെ ദുരന്തം ഒരു മെലോഡ്രാമയായിരുന്നില്ലേ.? ഒരുവേള, മലയാളിയുടെ സവിശേഷതയായിത്തീര്‍ന്ന ഈ നിസ്സംഗതയ്ക്കുള്ള ഒരു കലാകാരന്റെ വിനീതമായ മറുപടി തന്നെയാണ് പുതിയ കാലത്തിന്റെ ആത്മാവില്‍ തറച്ചുനിര്‍ത്തിയ ഈ സിനിമ.

Sunday, March 4, 2012

ജീവിതം ഒരു റോഡ് മൂവീ














യാ
ത്ര ജീവിതത്തെ ത്രസിപ്പിക്കുന്ന ഇന്ധനമാണെന്ന് പറഞ്ഞതാരാവാം.? അഥവാ ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ.? അതെന്തായാലും, ഞാനുൾപ്പെട്ട കാമ്പസ്സിലെ അരാജകസംഘത്തെ സംബന്ധിച്ച്, യാത്രകൾ മനസ്സിനെ ഹരം കൊള്ളിയ്ക്കുന്ന ഉത്സവങ്ങളായിരുന്നു. ഒരുവേള, പലർക്കും വിചിത്രമായിത്തോന്നാം. ഞങ്ങളുടെ യാത്രകൾ ഒരിക്കലും പ്രശസ്തമായ ടൂറിസ്റ്റു കേന്ദ്രങ്ങളിലേക്കോ നിസ്സഹായരായ മനുഷ്യർ തിക്കിത്തിരക്കുന്ന പുണ്യസ്ഥലങ്ങളിലേക്കോ ഒന്നുമായിരുന്നില്ല അവ മിക്കവാറും പ്രകൃതിയിലേക്കുള്ള മടക്കയാത്രകളായിരുന്നു. കാടും മലയും വെള്ളച്ചാട്ടങ്ങളും പുഴയും കായലും കാറ്റും കടൽത്തീരവും മാത്രമല്ല. വൈവിധ്യമാർന്ന മനുഷ്യപ്രകൃതിയും വാക്കുകൾക്കതീതമായ അനുഭവങ്ങൾ ഞങ്ങൾക്കു പകർന്നുതന്നു.!

നാട്ടുമ്പുറങ്ങളിലെ നെൽ‌പ്പാടങ്ങൾക്കും പുഴയോരങ്ങൾക്കും ഒറ്റയടിപ്പാതകൾക്കുമായി ഒഴിവുദിനങ്ങൾ വിട്ടുകൊടുത്ത ഞങ്ങൾ വിരസമായ ദിനാന്തങ്ങളിൽ ഭ്രമാത്മകമായ നഗരത്തിരക്കിലലിഞ്ഞു നടന്നു..പുലരിമഞ്ഞിന്റെ പുതപ്പിനുള്ളിലൂടെ പാടത്തു പണിയ്ക്കിറങ്ങുന്ന കർഷകർ എന്നിൽ ശരിക്കും രോമാഞ്ചമുണ്ടാക്കി. എന്റെ ക്യാമറയിൽ ഏറ്റവുമധികം പതിഞ്ഞത് അധ്വാനത്തിന്റെയും, വിയർപ്പിന്റെയും ഈ നിഴൽച്ചിത്രങ്ങളത്രേ.! നഗരത്തെയും ഞങ്ങൾ വെറുതെ വിട്ടില്ല. ഒരിടത്തും നിൽക്കാതെ പായുന്ന അവളുടെ പദചലനങ്ങളെ ഞങ്ങൾ മാറിനിന്ന് വീക്ഷിച്ചു. ലക്ഷ്യമില്ലാതെയുള്ള ഈ അലസഗമനങ്ങൾക്കിടെ ഞങ്ങൾ ജീവിതത്തെപ്പറ്റി ചിന്തിച്ചു...സംസാരിച്ചു. ഒരിക്കലും പിടിതരാത്ത അതിന്റെ വിസ്മയങ്ങളുടെ തലനാരിഴ കീറി. തളരുമ്പോൾ താവളത്തിലേയ്ക്കു മടങ്ങി. ചുരുക്കത്തിൽ, ഏതു യാത്രയും നവ്യാനുഭൂതികളുടെ ഒരു പുതുലോകം ഞങ്ങൾക്കു മുന്നിൽ തുറന്നു. പതിയെപ്പതിയെ, ജീവിതം ഒരു റോഡ് മൂവിയായി ഞങ്ങൾ ആസ്വദിക്കാൻ തുടങ്ങുകയായിരുന്നു.!

ഒരു മുഖവുരയുമില്ലാതെ കഥയിലേയ്ക്കു പ്രവേശിച്ചതിൽ നീരസം തോന്നുന്നുണ്ടോ.? എങ്കിൽ, നമുക്കൊന്നു പരിചയപ്പെടാം. എന്റെ പേർ സൂരജ്. ശിവൻ, ജോൺസൺ, ബാലു എന്നിവർ കൂടിച്ചേർന്നതാണ് ഞങ്ങളുടെ നാൽവർസംഘം. സുഹൃത്തുക്കളെന്നൊക്കെ ഒറ്റ വാക്കിൽപ്പറഞ്ഞാൽ ഒരുപക്ഷേ, കാര്യങ്ങൾ വ്യക്തമാവണമെന്നില്ല. ജീവിതമെന്ന മായികതയിൽ പരസ്പരം കണ്ടുമുട്ടുമ്പോൾ ഞങ്ങൾ ബിരുദവിദ്യാർത്ഥികളായിരുന്നു. സസ്യങ്ങളുടെ നിശ്ചലജീവിതമായിരുന്നു ക്ലാസ്സിലെ പഠനവിഷയമെങ്കിലും യഥാർത്ഥ ജീവിതം ക്ലാസ്സിനു പുറത്തായിരുന്നു. മാലാഖമാരുടെ സ്വപ്നജീവിതം.! ബാച്ചിലെ സുന്ദരികളായ 16 പെൺകുട്ടികൾക്കൊപ്പം ഞങ്ങൾ നാല് ആൺതരികൾ മാത്രം.! വിജയകരമായ മൂന്നു വർഷത്തിനപ്പുറം ബിരുദധാരികളായി മാറുമ്പോൾ, നഗരവും ആ കലാലയവും ആത്മാവിന്റെ ഭാഗമായിത്തീർന്നിരുന്നു. ബിരുദാനന്തരത്തിനും അതേ കാമ്പസ്സിൽ, ഒരേ ക്ലാസ്സിൽത്തന്നെ പ്രവേശനം ലഭിച്ചതാണ് ഞങ്ങളുടെ സൌഹൃദത്തെ ഒരു ചരിത്രസംഭവമാക്കി മാറ്റിയത്.

അദൃശ്യമായ ഏതോ ചരടിനാൽ ബന്ധിക്കപ്പെട്ട ആത്മാക്കളെപ്പോലെ എല്ലായിടത്തും ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. കോളെജിലും ഹോസ്റ്റലിലും ബീച്ചിലും ബാറിലും ബസ്സിലും തട്ടുകടയിലും ഹോട്ടലിലും തീയേറ്ററിലും എന്നുവേണ്ട, ഞങ്ങളുടെ വഴികൾ എന്നും ഒരേ ദിശയിൽത്തന്നെ സഞ്ചരിച്ചു.! അഞ്ചാം വർഷത്തിൽ ഒരേ ജോലിക്കുള്ള പ്രവേശനപരീക്ഷ ഒരുമിച്ചു പാസ്സാകുംവരെ ഈ അനുയാത്ര തുടർന്നു.! ശിവനും ജോൺസണും ജോലി ലഭിച്ചപ്പോൾ ഞാനും ബാലുവും ഇന്റർവ്യൂ എന്ന കടമ്പയിൽ തടഞ്ഞു വീണു.! അപ്പോഴും ജോലിയല്ല; അനിവാര്യമായിത്തീർന്ന വേർപാട് മാത്രമായിരുന്നു ഞങ്ങളെ വിഷമിപ്പിച്ചത്.! അഞ്ചു സംവത്സരങ്ങളുടെ സഹവാസത്തിനു ശേഷം ആദ്യമായി ഞങ്ങളുടെ ജീവിതങ്ങൾ നാലു ദിക്കിലേക്കു ചിതറി. ഈ വിരഹം അംഗീകരിക്കാത്ത ഞങ്ങളുടെ മനസ്സുകൾ തപാൽവകുപ്പിനെ ആശ്രയിച്ച് ആശയവിനിമയവും അവസാനിക്കാത്ത സൈദ്ധാന്തിക ചർച്ചകളും തുടർന്നുകൊണ്ടേയിരുന്നു. ശിവന്റെയും ജോൺസന്റെയും അവധിദിനങ്ങൾ പിന്നെയും ഞങ്ങളുടെ സംഗമവേദികളായി മാറി. ഗൃഹാതുരമായ പോയകാലത്തെ മടക്കിവിളിക്കാൻ, ഈ സമാഗമങ്ങളെല്ലാം ഞങ്ങൾ യാത്രകൾക്കായി മാറ്റി വെച്ചു.

ബോറടിക്കുന്നുണ്ടോ.? ഉണ്ടെങ്കിൽ പറയണം...അതൊരു ഒക്ടോബർ മാസമായിരുന്നു. നേർത്ത തണുപ്പുകാറ്റിന്റെ തലോടലേറ്റ് രാത്രിവണ്ടിയിൽ ഞാനും ബാലുവും ജോൺസണും എറണാകുളത്തുനിന്നു പേരാമ്പ്രയിലേയ്ക്കു യാത്ര ചെയ്യുമ്പോൾ, വിശേഷിച്ച് ഒരു പദ്ധതിയും മനസ്സിലുണ്ടായിരുന്നില്ല. സൈഡ് സീറ്റിലെ ഷട്ടർ താഴ്ത്തി, ഞങ്ങൾ സുഖമായുറങ്ങി. പുലർച്ചയോടെ ശിവന്റെ വാടകവീട്ടിലെത്തിയതും മനസ്സിലേയ്ക്ക് കാമ്പസ്സും ആ നഷ്ടസ്മൃതികളും മടങ്ങിവന്നു. അല്പനേരം വിശ്രമിച്ച്, കുളിയും തേവാരവുമെല്ലാം കഴിഞ്ഞ് തൊട്ടടുത്തുള്ള ഉഡുപ്പി ഹോട്ടലിൽ നിന്ന് ഞങ്ങൾ ഇഡ്ഡലിയും ചമ്മന്തിയും കഴിച്ചു. ചൂടുചായ ഊതിക്കുടിക്കുന്നതിനിടെ, ‘ഇന്നു നമ്മൾ കക്കയത്തേയ്ക്കാണ് പോകുന്ന‘തെന്ന് ശിവൻ വെളിപ്പെടുത്തി. ഉച്ചഭക്ഷണം പാഴ്സലായി വാങ്ങി, സ്റ്റാൻഡിലെത്തിയ ഞങ്ങളെക്കാത്ത് അബൂബക്കർ എന്ന ടാക്സിഡ്രൈവർ നിൽ‌പ്പുണ്ടായിരുന്നു. ‘ഇതു ബക്കറിക്ക; എന്റെ സ്ഥിരം സാരഥി‘യെന്ന് ശിവൻ പരിചയപ്പെടുത്തി. നരച്ചുതുടങ്ങിയ താടിയിൽ തടവി, ബക്കർ നിഷ്കളങ്കമായി ചിരിച്ചു. പിന്നെ, കാറിൽക്കയറി ഞങ്ങൾ യാത്രയായി.

ശിവന്റെ വക സ്ഥലപുരാണത്തിന്റെ അകമ്പടിയോടെ, വനമേഖലയിലേക്കുള്ള വഴികൾ പിന്നിടുമ്പോൾ, ഞാനോർക്കുകയായിരുന്നു. പത്താം തരത്തിൽ പഠിക്കുമ്പോഴാണ് സാജനെന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ദുരൂഹമായ കസ്റ്റഡിമരണം. അന്നത്തെ പത്രത്താളുകളിലെ ശവഗന്ധമുള്ള വാർത്തകളും വൃദ്ധനായ ഒരു പിതാവിന്റെ ദു:ഖം ഖനീഭവിച്ച മുഖവും എനിക്കോർമ്മ വന്നു. ഉച്ചയോടെ കക്കയത്തെത്തി. ഒരിക്കൽ നിഗൂഢരഹസ്യങ്ങളുടെ കലവറയായിരുന്ന പോലീസ് ക്യാമ്പ് ഇന്ന് വെറുമൊരു ഓഫീസാണ്. ‘സ്വന്തം ഉത്തരവാദിത്തത്തിലാണ് ഡാം സൈറ്റിലേയ്ക്കു പോകുന്നതെന്ന് എഴുതിയൊപ്പിട്ടു നൽകുമ്പോൾ, എന്തിനാണിത്രയും കരുതലെന്ന് ഞങ്ങളോർക്കാതിരുന്നില്ല. ഇരുവശവും ഇടതൂർന്ന ഹരിതവനത്തിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ഇടുങ്ങിയ വഴി, ആ കരുതലിനെപ്പറ്റി ദുരൂഹമായ ചില സൂചനകൾ തന്നുകൊണ്ടിരുന്നു. മുകളിലേക്കു പോകുന്തോറും നിശ്ശബ്ദതയുടെ കനം കൂടിക്കൂടി വരുന്നതുപോലെ.! ഇടയ്ക്കിടെ പുറത്തിറങ്ങി ഞങ്ങൾ ക്യാമറ ക്ലിക്ക് ചെയ്തു. പൊടുന്നനെ എവിടെനിന്നോ മഞ്ഞിൻ പാളികൾ വന്നു നിറഞ്ഞ് വനമാകെ ഒരു വെള്ളക്കടലായി മാറി. പ്രകൃതിയുടെ വന്യഭംഗി ആസ്വദിക്കുന്നതിനൊപ്പം അകാരണമായ ഒരു ഭീതി ഞങ്ങളെ വലയം ചെയ്തു. ‘ഹോ..എന്തൊരു കാട്.! ആളെക്കൊല്ലാൻ പറ്റിയ സങ്കേതം തന്നെ’യെന്ന് ജോൺസൺ ഒരു തമാശ പറഞ്ഞു. ചരിത്രത്തിലെ ആ ദുരന്തസ്മൃതികൾ ഒരിക്കൽക്കൂടി മനസ്സിലേക്കു കടന്നുവന്നു.

മലമുകളിലെ ഡാം സൈറ്റിലെത്തിയപ്പോഴേയ്ക്കും മഴ പെയ്യാനാരംഭിച്ചു. മലയിലെ മഴയ്ക്ക് സമതലങ്ങളിലെ മഴയുടെ ശാന്തസ്വഭാവമല്ല. വലിയ മഴത്തുള്ളികൾ, ചരൽക്കല്ലുകളെപ്പോലെ ശരീരത്തെ നോവിച്ചു. മഴയുടെ ശക്തി കൂടിയതിനാൽ ഞങ്ങൾ ഓടി കാറിൽക്കയറി. ഭക്ഷണപ്പൊതിയഴിച്ച് വിശപ്പകറ്റി, ഞങ്ങൾ മഴയ്ക്കിടയിലൂടെ മലയിറങ്ങാൻ തുടങ്ങി. നിമിഷങ്ങൾക്കകം ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മലഞ്ചരിവിലൂടെ നിരവധി ജലപാതങ്ങൾ രൂപപ്പെട്ടു. പ്രകൃതിയുടെ പെട്ടെന്നുള്ള ഈ ഭാവമാറ്റം ഞങ്ങളെ തെല്ലു ഭയപ്പെടുത്താതിരുന്നില്ല. ‘വഴി ഒട്ടും കാണാൻ കഴിയുന്നില്ല’ എന്നു ബക്കറിക്ക പറഞ്ഞതിനാൽ ഞാൻ ടവ്വലെടുത്ത് മുന്നിലെ ഗ്ലാസ്സ് തുടച്ചുകൊണ്ടിരുന്നു. ഒരു ഹെയർപിൻ വളവു തിരിഞ്ഞ് ബക്കർ പെട്ടെന്ന് വണ്ടി നിർത്തി. പുറത്തേക്കു നോക്കിയ ഞങ്ങൾ ശരിക്കും പേടിച്ചുപോയി. മലമുകളിൽ നിന്ന് വലിയ ഒരു വെള്ളച്ചാട്ടം തൊട്ടുമുന്നിലെ കാട്ടുപാതയിലേയ്ക്ക് ശക്തിയായി പതിക്കുകയാണ്. ‘വണ്ടിയെടുക്കാൻ കഴിയൂല്ല; ഒന്നെറങ്ങി നോക്ക്...’ബക്കറിന്റെ ശബ്ദത്തിലും ആശങ്ക നിറഞ്ഞിരുന്നു.

ഞങ്ങൾ പുറത്തിറങ്ങി രംഗം വീക്ഷിച്ചു. ഒരു കാറിനു മാത്രം സഞ്ചരിക്കാവുന്ന ഇടുങ്ങിയ വഴിനിറഞ്ഞ് വെള്ളമൊഴുകുകയാണ്. പെരുമഴയിൽ രൂപമെടുത്ത വെള്ളച്ചാട്ടങ്ങൾക്ക്, നോക്കിനിൽക്കെ ശക്തി കൂടിവരുന്നു. വണ്ടിയെടുത്താൽ, കാറിനു മുകളിലേയ്ക്കു തന്നെ വെള്ളം ശക്തിയായി പതിയ്ക്കും. തൊട്ടപ്പുറത്ത് നിലയില്ലാത്ത കൊക്കയാണ്. നനഞ്ഞു കുതിർന്ന ഞങ്ങൾ നിസ്സഹായരായി മുകളിലേയ്ക്കു നോക്കി. അല്പമകലെയായി, ഒരു വലിയ പാറ അടർന്നു വീണ ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടിവിറച്ചു. മുന്നറിയിപ്പുപോലെ ഒരു‌ മേഘഗർജ്ജനം കൂടി ഭൂമിയിലേയ്ക്കിറങ്ങിവന്നു. അവിടെ നിൽക്കുന്നതു പന്തിയല്ലെന്നു തോന്നി. രണ്ടും കല്പിച്ച് കാറിൽ കയറി ഞങ്ങൾ ബക്കറിനു ധൈര്യം പകർന്നു. ഗിയർ താഴ്ത്തി, ബക്കർ വണ്ടിയെടുത്തു. ജലപാതത്തിൽ ശക്തമായി ഒന്നുലഞ്ഞെങ്കിലും ഒഴുക്കിൽ‌പ്പെട്ടതു പോലെ കാർ പതിയെ മുന്നിലേയ്ക്കു നീങ്ങി. പുനർജ്ജന്മം ലഭിച്ചവരെപ്പോലെ ഞങ്ങൾ പ്രാർത്ഥനാനിരതരായി.!

വൈകിട്ട് അഞ്ചുമണിയോടെ നഗരത്തിൽ തിരിച്ചെത്തി ബക്കറെ യാത്രയാക്കുമ്പോഴാണ് ആ ചൂടുവാർത്തയറിഞ്ഞത്. വടക്ക് അയോദ്ധ്യയിലേക്കു പുറപ്പെട്ട ഒരു രഥയാത്ര സർക്കാർ തടഞ്ഞിരിക്കുന്നു.! നാട്ടിലാകെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.! പുറം ലോകത്തു നടന്നതൊന്നുമറിയാതെ ഒരു പകൽ മുഴുവൻ ഞങ്ങൾ യാത്രയിലായിരുന്നല്ലോ.? ഒരിക്കൽക്കൂടി, ഞങ്ങൾ വിഷമകരമായ ഒരു ചരിത്രസന്ധിയിലെത്തിച്ചേർന്നതായി എനിക്കു തോന്നി.

വളരെ വേഗത്തിൽ, നഗരത്തിന്റെ ഭാവം മാറി. ഒരു സാംക്രമികരോഗം പോലെ തെരുവിലുടനീളം ഹർത്താൽ പടർന്നുപിടിച്ചു. കടകളടഞ്ഞു. സ്വയമൊളിയ്ക്കാൻ ശ്രമിക്കുന്നതു പോലെ നഗരവാസികൾ കൂരകൾക്കുള്ളിലേക്കൊതുങ്ങി. ബാക്കിയായവർ കരുതലോടെ കൂട്ടംകൂടി നിന്നു. അവരുടെ തൊണ്ടയിൽ നിന്ന്, ചുരുക്കം വാക്കുകൾ മാത്രം പതിഞ്ഞ ശബ്ദത്തിൽ പുറത്തു വന്നു. ഭയം ഭീമാകാരനായ ഒരു ദിനോസറിനെപ്പോലെ നഗരത്തെ പാതിയും വിഴുങ്ങിക്കഴിഞ്ഞിരുന്നു. അത്താഴത്തിനായി എന്തെങ്കിലും വാങ്ങാമെന്നുകരുതി ഞങ്ങൾ അടച്ചു കൊണ്ടിരുന്ന ഒരു ഹോട്ടലിൽ കയറി. അപ്പോൾ, ദൂരെനിന്ന് ഒരു ജാഥ കടന്നുവരുന്നുണ്ടായിരുന്നു. വളരെപ്പെട്ടെന്ന് തൊട്ടടുത്ത കവലയിൽ നിന്ന് എതിർദിശയിലേക്കും ഒരു ജാഥ രൂപപ്പെട്ടു. അതുവരെ സാധാരണ മനുഷ്യരായിരുന്നവർ പെട്ടെന്ന് ഹിന്ദുവും മുസ്ലീമുമായി മാറിയതായി എനിക്കു തോന്നി. പോർവിളി മുഴക്കിക്കൊണ്ട് ഇരുജാഥകളും നേർക്കുനേർ അടുത്തു. ഞങ്ങൾ ഒരപകടം മണത്തു. നിമിഷങ്ങൾക്കുള്ളിൽ ഞങ്ങളുടെ കണ്മുന്നിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. കയ്യിൽ മാരകായുധങ്ങളുമായി ദൂരെനിന്ന് കുറച്ചുപേർ ഓടിവരുന്നതുകണ്ട് ഞങ്ങൾ കടയിൽ നിന്നിറങ്ങിയോടി. അടുത്തു കണ്ട ഒരിടവഴിയിലൂടെ ശിവൻ താമസിക്കുന്ന വീട്ടിലെത്തിയപ്പോഴേയ്ക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.

വാതിലും ജനലുമെല്ലാമടച്ച് ഞങ്ങൾ അകത്തിരുന്നു. ഉള്ളിലും പുറത്തും ഭയാനകമായ ഒരു നിശ്ശബ്ദത കനത്തുവന്നു. ഞങ്ങൾക്ക് ഒന്നും സംസാരിക്കാൻ തോന്നിയില്ല. കുറച്ചു ദൂരെ നിന്ന് ഒരു സ് ഫോടനത്തിന്റെ ശബ്ദം ഉയർന്നുകേട്ടു. ജനൽപ്പാളി തുറന്ന് ഞങ്ങൾ പുറത്തേക്കു നോക്കിയെങ്കിലും ഒന്നും വ്യക്തമായിരുന്നില്ല. പെട്ടെന്ന് വൈദ്യുതി നിലച്ചു. എല്ലാ സങ്കീർണ്ണതകളെയും വിഴുങ്ങിക്കൊണ്ട് ഇരുട്ട് അതിന്റെ ഭീതിദമായ രൂപം പുറത്തുകാട്ടി. എന്തെങ്കിലും സംസാരിക്കാൻ വേണ്ടി മാത്രം, ‘ഈ വീട് ആരുടെയാണെ‘ന്ന് ഞാൻ ശിവനോട് പതുക്കെ ചോദിച്ചു. ‘ഇതു ഷൌക്കത്ത് മാഷിന്റെ വീടാ. രണ്ടുവർഷമായി മാഷും കുടുംബവും ഗൾഫിലാ..’ അവൻ പറഞ്ഞു. ഇതു കേട്ടതോടെ എന്റെ ശ്വാസഗതി അല്പം കൂടി വേഗത്തിലായി. പാവം ബാലുവിന്റെ ശരീരം ആലിലപോലെ വിറയ്ക്കുന്നത് ആ കനത്ത ഇരുട്ടിലും ഞാൻ കണ്ടു. വിശപ്പും ദാഹവുമൊക്കെ മറന്ന് അനിവാര്യമായ വിധിയും കാത്ത് ഞങ്ങൾ അവിടെത്തന്നെയിരുന്നു. ഈയൊരു ദിവസത്തെ അനുഭവത്തിൽ നിന്നുതന്നെ, എനിക്കു മതങ്ങളിലുള്ള വിശ്വാ‍സം എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടിരുന്നു.! വളരെപ്പെട്ടെന്ന്, തികച്ചും യാദൃശ്ചികമായി, യാത്രയുടെ നാനാർത്ഥങ്ങളെപ്പറ്റി ഞാൻ ഒരിക്കൽക്കൂടി ഓർത്തുപോയി. ‘യാത്ര ജീവിതത്തെ ചലിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന ഇന്ധനമാണെന്ന് പറഞ്ഞതാരാവാം.? അഥവാ ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ.?’

Saturday, December 17, 2011

ഇസ്താംബുളിന്റെ ജീവസ്പന്ദനങ്ങൾ





ചെക്കോവിന്റെ കഥകൾ നെഞ്ചിലേറ്റിനടന്ന, തർക്കോസ്കിയുടെ സിനിമകളെ ആരാധിച്ച അന്തർമുഖനായ ആ യുവാവിന്റെ ജീവിതവഴികൾ ഒട്ടും പൂർവനിശ്ചിതങ്ങളായിരുന്നില്ല. ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള ആരോ സമ്മാനിച്ച ഒരു പുസ്തകം പെട്ടെന്ന് അയാളുടെ ജീവിതം മാറ്റിമറിക്കുന്നു. അഭിലാഷങ്ങൾ നഷ്ടപ്പെട്ട്, വിഷാദജീവിയായി കഴിഞ്ഞിരുന്ന അയാളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തുന്നു. സ്വന്തമായി ഒരു ഡാർക്ക് റൂം നിർമ്മിച്ച് അയാൾ ചിത്രമെടുക്കാൻ പഠിക്കുന്നു. നിശ്ചലഛായാഗ്രഹണം ഒരു കലയാണെന്നു കണ്ടുപിടിക്കുന്നു. എഞ്ചിനീയറിംഗിൽ ബിരുദം നേടിയശേഷം ദിക്കറിയാത്ത തിരച്ചിലുകൾക്കൊടുവിൽ, പട്ടാളത്തിലെത്തിച്ചേരുന്നു. കാലം അവിടെയും അയാൾക്കു വേണ്ടി പലതും കരുതിവെയ്ക്കുന്നു. പുസ്തകങ്ങളുമായുള്ള സൌഹൃദം റോമൻ പൊളാൻസ്കിയുടെ ആത്മകഥ അയാളുടെ കൈകളിലെത്തിക്കുന്നു. അതിലൂടെ, സിനിമ ഒരാവേശമായി അയാളെ വലിച്ചുകൊണ്ടു പോകുന്നു.! പിന്നീടൊരിക്കൽ, ഒരു ഹ്രസ്വചിത്രത്തിലെ കഥാപാത്രമായി അയാൾ വേഷം മാറുന്നു. ചിത്രം പകർത്തിയ ക്യാമറ വിലയ്ക്കു വാങ്ങുന്നു. പിന്നെയും പത്തു വർഷം നീളുന്ന മൌനം.മനനം…1995-ൽ, Arriflex 2C എന്ന പഴഞ്ചൻ ക്യാമറയിൽ അയാൾ Cocoon എന്ന ആദ്യ ഹ്രസ്വചിത്രം നിർമ്മിക്കുന്നു. ആ സിനിമ അയാളുടെ ജീവിതം തീരുമാനിക്കുന്നുതുർക്കിയിലെ പുതിയ സിനിമയുടെ മാനസപുത്രനായിമാറി, ഇപ്പോൾ പശ്ചിമേഷ്യൻ ചലച്ചിത്രരംഗത്തെ താരമായി തിളങ്ങി നിൽക്കുന്ന ഫിലിം മേക്കർ Nuri Bilge Ceylan ആണ് ഇ‌പ്പറഞ്ഞ അത്ഭുതകഥയിലെ കഥാപാത്രം.

ചിത്രകലയുടെ extension എന്ന വിശേഷണം പൊതുവിൽ സിനിമയ്ക്കിണങ്ങുന്നതാണ്. എന്നാൽ, സിലാനെ സംബന്ധിച്ച് ഈ വിശേഷണം അദ്ദേഹത്തിന്റെ സിനിമയുടെ നിർവചനമായിത്തന്നെ മാറുന്നതു കാണാം. ഇതു ബോധ്യപ്പെടാൻ, ഒരു ഫൊട്ടോഗ്രാഫറായി ജീവിതമാരംഭിച്ച അദ്ദേഹത്തിന്റെ പ്രശസ്തമായ നിശ്ചലചിത്രങ്ങളിൽ നിന്ന് (http://www.nuribilgeceylan.com/photography/photography.php?mid=1) ആ ചലനചിത്രങ്ങളിലേയ്ക്കു സഞ്ചരിച്ചാൽ മതിയാവും. ’Three Monkeys’ എന്ന സിനിമയുടെ ആദ്യവിഷ്വലുകളുടെ അടുക്കും ചിട്ടയും കൃത്യതയും നോക്കൂ: “വിജനമായ കാട്ടുപാത...രാത്രിയുടെ അന്ത്യയാമത്തിൽ ഉറക്കച്ചടവുമായി കാറോടിക്കുന്ന മധ്യവയസ്കന്റെ മയക്കത്തിലേക്കു വഴുതുന്ന കണ്ണുകൾ...വന്യമായ ഇരുട്ടിനെ മുറിച്ചു നീങ്ങുന്ന ഹെഡ് ലൈറ്റിന്റെ പ്രകാശം ക്രമത്തിൽ ഒരു ബിന്ദുവായി ദൂരെ മറയുന്നു. അടുത്ത രംഗത്തിൽ, നടുറോഡിൽ കിടക്കുന്ന ഒരു മൃതദേഹത്തിനരികിൽ നിന്ന്, ഭയചകിതനായി ഓടിയൊളിക്കുന്ന അയാൾ.. സമീപം അപകടത്തില്‍പ്പെട്ട കാർ...പിന്നാലെയെത്തി സംഭവത്തിനു സാക്ഷ്യം വഹിച്ച് കടന്നു പോകുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാർ... വിധി നിര്‍ണ്ണയിക്കപ്പെട്ടുകഴിഞ്ഞു എന്ന അറിവ് ഒരു നടുക്കമായി അയാളുടെ ഹൃദയം പിളര്‍ക്കവെ, അതിന്റെ പ്രതിഫലനമെന്നോണം വലിയൊരിടിമുഴക്കത്തോടെ മഴ പെയ്യാനാരംഭിക്കുന്നു..പിടിക്കപ്പെട്ട കുറ്റവാളിയുടെ കഠിനവ്യഥയുമായി അയാൾ കാറോടിച്ചു പോകുന്നു. അനാഥമായ മൃതശരീരത്തിൽ, പെയ്തു തോരുന്ന മഴയുടെ അടക്കംപറച്ചിലുകൾ..! ജീവിതത്തിലും സിനിമയിലും മിതമായി മാത്രം സംസാരിക്കുന്ന സിലാന്റെ വിഷ്വലുകളും വാചാലമാണ്. നമ്മുടെയെല്ലാം ഗഹനമൌനങ്ങളെ ദീപ്തമാക്കിയ അരവിന്ദന്റെ പുനരവതാരമാണോ ഇയാളെന്ന് തോന്നിപ്പിക്കുന്ന ദൃശ്യബിംബങ്ങൾ.! ‘നമ്മൾ പൊതുവെ നുണ പറയുന്നവരാണല്ലോ.? പറയാത്തതെന്തോ അതായിരിക്കും പലപ്പോഴും സത്യം.!‘ മൌനത്തിന്റെ അന്തസ്സാരം അദ്ദേഹം വെളിപ്പെടുത്തുന്നു.

സിലാൻ എന്ന ഫിലിം മേക്കറുടെ ദൃശ്യഭാഷയുടെ പ്രത്യേകതകൾ നിരവധിയാണ്. മനോവിശകലത്തിന്റേതായ ഒരു ശൈലിയാണ് ഈ സിനിമകളെ വ്യത്യസ്തമാക്കുന്നത്. വ്യക്തിയുടെ നിലനിൽ‌പ്പിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചില സന്ദിഗ് ദ്ധതകൾ സിലാൻ പങ്കുവെയ്ക്കുന്നു. ഋതുക്കളാണ് സിലാൻ സിനിമയിലെ മറ്റൊരു സജീവസാന്നിധ്യം. മനുഷ്യബന്ധങ്ങളിലെ കാലാവസ്ഥാഭേദങ്ങളെ അടയാളപ്പെടുത്താൻ ലാൻഡ് സ് കേപ്പുകളെ അദ്ദേഹം സമർത്ഥമായി ഉപയോഗിക്കുന്നു. ലോങ്ങ് ഷോട്ടുകളും നീണ്ടുനീണ്ടുപോകുന്ന നിശ്ശബ്ദതയും സിലാൻ സിനിമയുടെ മുഖമുദ്രകളാണ്. കോസ്സപ്പ് ദൃശ്യങ്ങളിലൂന്നിക്കൊണ്ടുള്ള സിനിമാറ്റോഗ്രഫിയുടെ സാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കുന്നു. ആധുനിക ഡിജിറ്റൽ സങ്കേതങ്ങൾ കലാപരമായി പ്രയോജനപ്പെടുത്തുന്ന സിലാന്റെ മറ്റൊരു പ്രത്യേകത യാഥാര്‍ത്ഥ്യപ്രതീതി ജനിപ്പിക്കുന്ന നിറങ്ങളും സ്വാഭാവിക ശബ്ദങ്ങളും മാത്രമുപയോഗിച്ചുള്ള വികാരവിനിമയരീതിയാണ്.

മുഖ്യധാരാ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഒറ്റപ്പെട്ട തുരുത്തുകളാണ് പൊതുവിൽ, സിലാന്റെ കഥാപാത്രങ്ങൾ. മിക്ക സിനിമയിലും ഒരു ഒബ്സെഷൻ പോലെ, ക്യാമറ കൈയിലേന്തിയ ഒരാൾ അഥവാ ഒന്നിലധികം പേർ കടന്നുവരുന്നു. പലപ്പോഴും മുഖ്യകഥാപാത്രം ഒരു ഫോട്ടോഗ്രാഫർ/ഫിലിം മേക്കർ തന്നെ.! സ്വന്തം ജീവിതത്തിൽ നിന്നു നേരിട്ടു പകർത്തിയതെന്നു തോന്നുംവിധം ആത്മാംശം കലർന്ന കഥാപാത്രങ്ങൾ..അവരുടെ തുടർച്ചകൾ..! സ്വന്തം ഭൌതിക/മാനസിക പരിസരങ്ങളിൽ നിന്നു തന്നെയായിരിക്കണം തന്റെ സിനിമ ഉരുത്തിരിയേണ്ടതെന്ന ഉത്തമബോധ്യം സിലാനുള്ളതായി കാണാം.

‘ഒരു കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ അത് മറ്റാരോ ആണെന്നു കരുതാതെ അയാളിൽ സ്വന്തം പ്രതിബിംബം തന്നെ കാണുക എന്നതാണ് തന്റെ രീതി‘യെന്ന് അദ്ദേഹം പറയുന്നു. ചെക്കോവിന്റെ കഥകൾ തന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുള്ളതായി പറയുന്ന സിലാൻ ചെക്കോവിനെ ആദ്യമായി വായിച്ച നാൾ മുതൽ ചെക്കോവിനെ തന്നിൽത്തന്നെ കണ്ടെത്തുകയായിരുന്നുവെന്നു സമ്മതിക്കുന്നു. സംവിധായകനെന്ന നിലയിലും തന്റേതായ ഉറച്ച നിലപാടുകൾ സിലാനുണ്ട്. അദ്ദേഹം ഒരിക്കലും മറ്റു സംവിധായകരോടൊപ്പം ജോലി ചെയ്തില്ല. പുസ്തകങ്ങളിലൂടെ സ്വായത്തമാക്കിയ അറിവുകൾ സ്വയം പരീക്ഷിച്ചു നടപ്പിൽ വരുത്തി. സിനിമയുടെ സങ്കേതങ്ങളെല്ലാം നേരിട്ടു മനസ്സിലാക്കിയതി നാൽ, ടെക്നീഷ്യന്മാരുടെ നിയന്ത്രണത്തിനതീതമായി സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനു കഴിയുന്നു..

1995-ൽ തുടങ്ങുന്ന സിനിമാജീവിതത്തിൽ ഇതുവരെയായി, 6 സിനിമകൾ മാത്രം.! ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയായ ‘The Small Town‘(1997) ആണ് ആദ്യ കഥാചിത്രം. വളർച്ചയുടെ പടവുകൾ കയറുന്ന രണ്ടു കുട്ടികളുടെ വീക്ഷണത്തിൽ അവതരിപ്പിച്ച പരുക്കൻ ജീവിതയാഥാർത്ഥ്യങ്ങളായിരുന്നു പ്രതിപാദ്യം. ബെർലിൻ ചലച്ചിത്രമേളയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സിനിമ മറ്റു നിരവധി മേളകളിലും പ്രദർശിപ്പിക്കപ്പെട്ടു. ‘Clouds of May‘(2000) എന്ന രണ്ടാം സിനിമയിലെത്തുന്നതോടെ വ്യക്തിയുടെ അസ്തിത്വപരമായ പ്രശ്നങ്ങളിലേയ്ക്ക് സിലാൻ തിരിയുന്നതു കാണാം. സ്വന്തം ഗ്രാമവാസികളെ പങ്കെടുപ്പിച്ച്, ഒരു സിനിമ ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജന്മനാട്ടിലേക്കു മടങ്ങിയെത്തുന്ന മുസാഫിർ എന്ന ഫിലിം മേക്കറാണ് കേന്ദ്രകഥാപാത്രം. നഗരവൽക്കരണവും ആഗോളീകരണവും ചേർന്ന് വ്യക്തികൾക്കിടയിൽ സൃഷ്ടിക്കുന്ന വൈകാരികമായ അകലമാണ് Distant (2002) എന്ന സിനിമയുടെ പ്രമേയപരിസരം. മുൻചിത്രത്തിന്റെ തുടർച്ചയെന്നു പറയാവുന്ന ഈ സിനിമ, ആത്മകഥാപരമായി, സിലാനെന്ന വ്യക്തിയുടെ തുടർച്ച തന്നെയാണ്. ഈ ചിത്രത്തോടെ സിലാൻ അന്തർദ്ദേശീയ സിനിമയിലെ താരമായി മാറി. കാനിലെ ജൂറി പുരസ്കാരമുൾപ്പെടെ നിരവധി അവാർഡുകൾ ഈ സിനിമ വാരിക്കൂട്ടി. ചിരപരിചയത്തിലുരഞ്ഞ് വിരസമായ ഇസയുടെയും ബഹാറിന്റെയും ദാമ്പത്യബന്ധത്തിലെ ഋതുഭേദങ്ങൾ‍ അടയാളപ്പെടുത്തുന്ന Climates (2006) കാനിൽ, ക്രിട്ടിക്സ് പുരസ്കാരവും ഗോൾഡൻ പാം നോമിനേഷനും കരസ്ഥമാക്കി.

സിലാന്റെ ചലച്ചിത്രയാത്രയിലെ ഒരു വ്യതിയാനമാണ്, Three Monkeys (2008). പ്രമേയത്തിലും പരിചരണത്തിലുമെല്ലാം മുൻ ചിത്രങ്ങളിൽ നിന്ന് കൃത്യമായ വികാസം കുറിക്കുന്ന ചിത്രം. കുറ്റകൃത്യത്തിന്റെയും അഗമ്യഗമനത്തിന്റെയും വിശ്വാസവഞ്ചനയുടെയും നുണകളുടെയും ലോകത്തേക്കാണ് ഈ സിനിമ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ഒരു ടൈപ്പ്-സ്റ്റഡിയിലെന്നപോലെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ അങ്ങേയറ്റം ഒതുക്കിപ്പറയുന്ന ഇംപ്രഷനിസ്റ്റ് രീതിയാണ് അവലംബിക്കുന്നത്. അലറിപ്പായുന്ന തീവണ്ടിയും മൂടിക്കെട്ടിയ ആകാശവും വിഷാദം അലതല്ലുന്ന ഇസ്താംബുളിലെ ജലപ്പരപ്പുകളും മഴയും ഇടിമുഴക്കവും ചേര്‍ന്ന ബിംബകല്പനകളിലൂടെ, മനുഷ്യമനസ്സിലെ ചുഴികളും മലരികളും നിറഞ്ഞ ഗുപ്തകാമനകളുടെ ആഴങ്ങൾ തേടുകയാണ് സംവിധായകൻ. പ്രസാദാത്മകമായ ഒരു ഷോട്ടു പോലുമില്ലാത്തപ്പോഴും ഒരിക്കലും അവഗണിക്കാനാവാത്ത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ഈ ചിത്രം നമ്മെ പിടിച്ചിരുത്തുന്നു.!

തുർക്കിയിലെ ഒരു ചെറുപട്ടണത്തിൽ പ്രയോജനവാദത്തിന്റെ പ്രതിനിധിയായി വിലസുന്ന കപടരാഷ്ട്രീയക്കാരൻ സെർവെറ്റാണ് ചിത്രത്തിലെ പ്രതിനായകൻ. അയാളുടെ സ്വാധീനവലയ ത്തിലകപ്പെട്ടതിനാൽ വിനാശകരമായ രഹസ്യങ്ങളുമായി ജീവിതം തളളിനീക്കാൻ വിധിക്കപ്പെട്ട ഡ്രൈവർ എയുപ്പ്, ഭാര്യ ഹെയ്സർ, മകൻ ഇസ്മയിൽ എന്നീ മൂന്നുപേരാണ് വിഖ്യാതമായ ‘വാനരത്രയ’’ത്തിന്റെ പ്രതിനിധികളായി സിനിമയിൽ വര്‍ത്തിക്കുന്നത്. ദുര്‍ബലനെ ഇരയാക്കുവാനുള്ള ശക്തന്റെ പ്രലോഭനങ്ങൾ ഈ സിനിമയുടെ മുഖ്യപ്രമേയമായി വര്‍ത്തിക്കുന്നതു കാണാം. ഇതോടൊപ്പം, അദൃശ്യമായ അതിരുകൾ ഭേദിച്ച് പുറത്തുകടക്കാനൊരുങ്ങുന്ന മനുഷ്യമനസ്സിലെ വിചിത്രകാമനകളെക്കുറിച്ചും അവ സഫലീകരിക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിൽ, അവന്റെയുള്ളിൽ തടവിലാകുന്ന ഗുപ്തയാഥാര്‍ഥ്യങ്ങളെക്കുറിച്ചും സിനിമ സംസാരിക്കുന്നു.

‘Three Monkeys‘ മികച്ച സംവിധായകനുള്ള കാൻ പുരസ്കാരം നേടി. ഈ സിനിമയോടെ, സിലാൻ സിനിമാരംഗത്തെ പ്രമുഖ നടീനടന്മാരെ കാസ്റ്റ് ചെയ്യാൻ തുടങ്ങുകയും സിനിമാറ്റോഗ്രഫിയുടെ ചുമതലയിൽ നിന്നു പിന്മാറുകയും ചെയ്തു. ഈ മാറ്റം തന്നെ കൂടുതൽ സ്വതന്ത്രനാക്കിയെന്നു പറയുന്ന സിലാൻ, പക്ഷേ, എഡിറ്റിംഗിൽ സംവിധായകന്റെ മുഴുനീള ഇടപെടൽ സിനിമയുടെ വിജയത്തിന് അനിവാര്യമാണെന്നു പറയുന്നു.

മനുഷ്യസ്നേഹപരമായ നിലപാട് സിലാൻ സിനിമകളുടെ അന്തർധാരയാണ്. വലിയ ജീവിതസമസ്യകളെ, അസാമാന്യമായ ഒതുക്കത്തോടെ, അഭിമുഖീകരിക്കുവാൻ അദ്ദേഹത്തിനു കഴിയുന്നു. തത്വചിന്തയുടെ തലനാരിഴ കീറുന്ന ബെർഗ് മാന്റെയും തർക്കോവ്സ്കിയുടെയും ശക്തമായ സ്വാധീനമുള്ളപ്പോഴും ദൃശ്യഭാഷയിലും വീക്ഷണത്തിലും സിലാൻ അവരിൽ നിന്ന് വ്യക്തമായ അകലം പാലിക്കുന്നു. ഏതൊരു കലാകാരനെയും പോലെ, അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകം, നാം നമ്മുടെ ജീവിതത്തെ സമീപിക്കുന്ന രീതികൾ, കൂടുതൽ മികച്ചതു തേടിയുള്ള മനുഷ്യന്റെ പരക്കംപാച്ചിൽ..ഇതൊക്കെ സിലാന്റെയും അന്വേഷണവിഷയങ്ങളാണ്. ലളിതവും വസ്തുനിഷ്ഠവുമായിരിക്കുമ്പോൾത്തന്നെ, ഈ ഫിലിംമേക്കറുടെ ദൃശ്യഭാഷ അത്യന്തം ഗഹനവും കാവ്യാത്മകവുമത്രേ.!

അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും തന്റെ സിനിമയുമായി ചേർത്തുനിർത്തുന്നതിൽ സിലാൻ ചെലുത്തുന്ന ശ്രദ്ധ പ്രത്യേക പരാമർശമർഹിക്കുന്നതാണ്. അഭിനേതാക്കൾ ഏറിയകൂറും അച്ഛനുമമ്മയുമുൾപ്പെടെ സ്വന്തം വീട്ടിലുള്ളവർ തന്നെ. ആദ്യസിനിമയായ The Small Town-ൽ അമ്മ, മുത്തച്ഛൻ, മുത്തശ്ശി, ടീച്ചർ എന്നിവരെല്ലാം വേഷമിടുന്നു. Climates-ലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത് സിലാനും ഭാര്യ എബ്രുവുമാണ്. Three Monkeys മുതൽ എബ്രു സിലാനും തിരക്കഥാ രചനയിൽ സജീവപങ്കാളിയാണ്.

ഏറ്റവും പുതിയ ചിത്രം Once Upon a Time in Anatolia (2011) ഇക്കഴിഞ്ഞ മേയിലാണ് കാനിൽ ഗ്രാൻഡ്പ്രീ പുരസ്കാരം നേടിയത്. അനറ്റോലിയയിലെ പുൽമേട്ടിൽ മൃതദേഹം തിരഞ്ഞുപോകുന്ന ഒരു കുറ്റാന്വേഷണസംഘത്തിന്റെ സങ്കീർണ്ണാനുഭവങ്ങളാണ് സിനിമയിൽ. സംഭാഷണപ്രധാനമായ ഈ ചിത്രം സിലാന്റെ സവിശേഷമായ ശൈലിയിൽ നിന്നുള്ള വലിയ മാറ്റമായി വിലയിരുത്തപ്പെടുന്നു.


Sunday, December 4, 2011

ജലസമാധി









“Water is coming. Prepare to die or not.!” രണ്ടു ചെറുവാക്യങ്ങൾ മാത്രമുള്ള ഫോൺ സന്ദേശത്തിന്റെ ഉള്ളടക്കം അതായിരുന്നു. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഈ വാക്കുകൾ സൂചിപ്പിക്കുന്നതെന്തെന്ന് എനിക്കാദ്യം പിടികിട്ടിയില്ല. അയച്ചത് ആരെന്നു നോക്കി. നമ്പർ അജ്ഞാതം. പെട്ടെന്നുണ്ടായ ഞെട്ടലിൽ മൊബൈലും കൈയിൽ പിടിച്ച് അല്പനേരം അങ്ങനെയിരുന്നു. അടുത്ത നിമിഷം എന്റെയുള്ളിലിരുന്ന് ആറാമിന്ദ്രിയം മന്ത്രിച്ചു: ‘മുല്ലപ്പെരിയാർ..’ അനിവാര്യമായ വിധിയുടെ മുന്നറിയിപ്പെന്ന പോലെ ഈ വാക്ക് എന്റെ തലയ്ക്കുള്ളിലൂടെ അതിവേഗത്തിൽ മൂളിപ്പറക്കാൻ തുടങ്ങി.

രണ്ടുമണിയാകുന്നതേയുള്ളു. കൊട്ടാരത്തിൽ സന്ദർശകർ പൊതുവെ കുറവാണ്. കാന്റീനിലെ ഒഴിഞ്ഞ മൂലയിൽ സീറ്റു പിടിച്ച് ഒരു വെജിറ്റേറിയൻ ഊണിനുള്ള നിർദ്ദേശം നൽകി അതിനായി കാക്കുകയായിരുന്നു ഞാൻ. കഴിഞ്ഞ രണ്ടു മണിക്കൂർ നേരം, കാനഡയിൽ നിന്നുള്ള ജൂതന്മാരുടെ ഒരു ചെറുസംഘത്തോടൊപ്പമായിരുന്നു. ഉച്ചഭക്ഷണത്തിനായി ഗ്യാലറികൾ അടച്ചപ്പോഴും അവരുടെ കൌതുകങ്ങൾ അവസാനിച്ചിരുന്നില്ല. എപ്പിഗ്രാഫി ഗ്യാലറിയിലെ ആട്ടിൻ തോലിലെഴുതപ്പെട്ട ‘ബൈബിളാ’ണ് അവരെ ഏറ്റവുമാകർഷിച്ചത്. കേരളത്തിലെ ഒരു മ്യൂസിയത്തിൽ അങ്ങനെയൊന്ന് അവരൊട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നി. ഹീബ്രൂ ലിപിയിൽ രചിക്കപ്പെട്ട അതിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെപ്പറഞ്ഞ് നേരം പോയതറിഞ്ഞില്ല. ഒടുവിൽ, അവരെ യാത്രയാക്കുമ്പോൾ സമയം ഒന്നേമുക്കാൽ.

എത്ര പെട്ടെന്നാണ് മനുഷ്യജീവിതം മാറിമറിയുന്നത്.? മരണമോ ജീവിതമോ വലുതെന്ന പ്രാഥമികമായ പ്രശ്നമാണ് ഒരു മെസ്സേജിലൂടെ ഇപ്പോൾ എന്റെ മുഖത്തടിച്ചിരിക്കുന്നത്.! സ്വാഭാവികമായും ജീവിതമെന്ന ഓപ് ഷൻ തന്നെ തെരഞ്ഞെടുക്കാൻ ഞാൻ തീരുമാനിച്ചു. വെയിറ്ററോട് സോറി പറഞ്ഞ് അതിവേഗത്തിൽ ഓഫീസിലേക്കു പാഞ്ഞു. ഓഫീസർ ടൂറിലായതിനാൽ ആ ചുമതലയും എനിക്കാണ്. ഇന്നത്തെ എന്റെ ഉത്തരവാദിത്തങ്ങൾ എന്നിൽ മാത്രം ഒതുങ്ങുന്നതല്ല എന്നർത്ഥം.

ഡയറക്ടറെയാണ് ആദ്യം വിളിച്ചത്. റൂട്ട് ബിസിയാണെന്ന മറുപടി കിട്ടി. പലവട്ടം ശ്രമിച്ചിട്ടും അതേ മറുപടി. പല നമ്പറുകളും മാറിമാറി പരീക്ഷിച്ചപ്പോഴാണ് സംഗതിയുടെ ഗൌരവം മനസ്സിലായത്. നെറ്റ്വർക്ക് മുഴുവൻ തകരാറിലായിരിക്കുന്നു.! ലാൻഡ് ഫോണിൽ വിളിച്ചു. രക്ഷയില്ല. ‘ഈ റൂട്ടിലേയ്ക്കുള്ള എല്ലാ ലൈനുകളും ബിസിയാണ്.!‘ മനസ്സ് ഒരു അപകടം മണത്തു. ചാനൽവാർത്തയ്ക്കായി ഞാൻ മൊബൈലിലെ ഇന്റർനെറ്റ് പരതി. 10 മിനിറ്റ് അദ്ധ്വാനിക്കേണ്ടിവന്നു ഗൂഗിൾ ജാലകം ഒന്നു തുറന്നുകിട്ടാൻ. പിന്നീട്, എന്റെ ശ്വാസഗതി വർദ്ധിപ്പിച്ചുകൊണ്ട് ആ ഫ്ലാഷ് ന്യൂസ് എന്റെ നെഞ്ചിനുള്ളിൽ ഒരു ഇടിമിന്നൽ തീർത്തു. “മുല്ലപ്പെരിയാർ ഡാം തകർന്നു. ജനങ്ങൾ ഉടനടി സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കു മാറുക..എല്ലാവരും ജാഗ്രത പാലിക്കുക..കരുതലോടെയിരിക്കുക.!” ഏതൊരു ദുരന്തവാർത്തയെയും ഒരു പത്രപ്രവർത്തകന്റെ നിർമ്മമതയോടെ നേരിടാറുള്ള എന്നെപ്പോലും, ക്രൂരമായ ഈ വാക്കുകൾ തളർത്തിക്കളഞ്ഞു. വിധിനിർണ്ണായകമായ ആ നിമിഷം ഇതാ നേർക്കുനേർ വന്നുനിൽക്കുന്നു.!

അല്പസമയത്തിനുള്ളിൽ സമനില വീണ്ടെടുത്തു. ‘അങ്ങനെ തളരാൻ പാടില്ല. ഇത് എന്റെ ദിവസമാണ്. എന്റെ അനാസ്ഥ മൂലം ഒരു മനുഷ്യജീവൻ പോലും അപായപ്പെടരുത്..ഒരു സഹപ്രവർത്തകനു പോലും പരിക്കേൽക്കരുത്.‘ ധൈര്യം സംഭരിച്ച്, ഞാൻ കർമ്മനിരതനായി. സെക്യൂരിറ്റി ഓഫീസറെ വിളിച്ചുവരുത്തി എല്ലാ സന്ദർശകരെയും ഉടൻ പുറത്തിറക്കാനും പ്രധാനകവാടം അടയ്ക്കാനും നിർദ്ദേശിച്ചു. ഗ്യാലറികളെല്ലാം അടച്ചുപൂട്ടി സീൽ ചെയ്തു. കുട്ടികളുടെ പാർക്കും കാന്റീനും ഒഴിപ്പിച്ചു. എല്ലാ ജീവനക്കാരും അടിയന്തിരമായി ഓഫീസിലെത്താൻ കർശനനിർദ്ദേശം നൽകി. ചുരുങ്ങിയ വാക്കുകളിൽ അവരോട് സ്ഥിതിഗതികൾ വിശദീകരിച്ചു. അക്കൌണ്ടന്റ് വിമലയോട് ഓഫീസിലുള്ള പണം എണ്ണിത്തിട്ടപ്പെടുത്തി, ഒരു ബാഗിലാക്കി കൈവശം വെയ്ക്കാൻ പറഞ്ഞു.

അപ്രതീക്ഷിതമായ അപായസൂചന ചിരിക്കുന്ന മുഖങ്ങളെയെല്ലാം പെട്ടെന്നു മ്ലാനമാക്കി. ഉച്ചയൂണിനുശേഷം സുഖകരമായ പരദൂഷണത്തിൽ മുഴുകിയിരുന്നവർ പെട്ടെന്നു ദൈവനാമങ്ങൾ ഉച്ചരിക്കാൻ തുടങ്ങി. മനസ്സിന്റെ കടുത്ത സമ്മർദ്ദത്താൽ പലർക്കും സംസാരശേഷി നഷ്ടപ്പെട്ടു. ഇത്രയുമായപ്പോൾ, തെരുവിൽനിന്ന് പോലീസിന്റെ മുന്നറിയിപ്പ് അന്തരീക്ഷത്തിൽ മുഴങ്ങാൻ തുടങ്ങി. ജനങ്ങൾ എത്രയും വേഗം വീടുകളിലേക്കു മടങ്ങണമെന്നും ഉയരമുള്ള സുരക്ഷിതസ്ഥാനങ്ങളിൽ നിലയുറപ്പിക്കണമെന്നും അവർ ആവർത്തിച്ചുകൊണ്ടിരുന്നു.

‘ദൈവത്തിന്റെ സ്വന്തം നാട്ടി‘ൽ ആദ്യമായി സർവ്വനാശം വിതയ്ക്കാൻ പോകുന്ന ജലബോംബിന്റെ ആഘാതത്തെക്കുറിച്ച്, അണപൊട്ടിവരുന്ന ഗതികോർജ്ജത്തിന്റെ മാരകമായ കുതിരശക്തിയെക്കുറിച്ച് ഒരു ധാരണയിലെത്തി. ഒടുവിൽ നിർമ്മിച്ചതും ഉയരം കൂടിയതുമായ ബ്ലോക്കിന്റെ മൂന്നാം നിലയുടെ ടെറസ്സ് സുരക്ഷിതമായ അഭയസങ്കേതമായി ഞാൻ തെരഞ്ഞെടുത്തു. പഴക്കം ചെന്നതും ബലക്ഷയമുള്ളതുമായ ഓടുമേഞ്ഞ കെട്ടിടങ്ങളാണ് ബാക്കിയെല്ലാം. ടെറസ്സിലേക്കുള്ള വാതിൽ തുറന്ന്, ഹാജരുള്ളവരെ എണ്ണിത്തിട്ടപ്പെടുത്തി മുകളിലെത്തിച്ചു. ഏകദേശം 4000 ചതുരശ്ര അടി വിസ്താരമുള്ള വിശാലമായ ടെറസ്സിൽ എല്ലാവരും നിരന്നുവെങ്കിലും ആർക്കും ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല പേടിപ്പെടുത്തുന്ന ഒരു മൂകത അവിടെ തളം കെട്ടിനിന്നു..രണ്ടു കാലിനും സ്വാധീനമില്ലാത്ത ഫാത്തിമയെന്ന ക്ലർക്കിനെ വീൽ ചെയറിലിരുത്തി താങ്ങിയെടുത്താണ് മുകളിലെത്തിച്ചത്. തികച്ചും സന്ദിഗ് ദ്ധമായ ഈ ഘട്ടത്തിലും അസാധാരണമായ ഒരു നിസ്സംഗത അവരുടെ മുഖത്തു കാണപ്പെട്ടു.

മുക്കാൽ മണിക്കൂറിനകം കൊട്ടാരവളപ്പ് ശൂന്യമാക്കി ഗേറ്റ് പൂട്ടിയതായി സെക്യൂരിറ്റി ഓഫീസർ ജോസഫ് അറിയിച്ചു. ക്ലോസ്ഡ് സർക്യൂട്ട് സംവിധാനത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളെല്ലാം പ്രവർത്തനസജ്ജമാക്കാനും എന്തു സംഭവിച്ചാലും അതിന്റെയെല്ലാം വീഡിയോ ചിത്രങ്ങൾ കമ്പ്യൂട്ടറിൽ റിക്കോർഡ് ചെയ്യാനുമുള്ള സംവിധാനമൊരുക്കി, ആ ചുമതല ജോസഫിനെ ഏൽ‌പ്പിച്ച് ഞാൻ വീണ്ടും ടെറസ്സിലെത്തി. ജീവിതത്തിലാദ്യമായാണ് ഇതുപോലൊരു വെല്ലുവിളി നേരിടുന്നതെങ്കിലും ഭയമെന്ന വികാരം എന്റെ മനസ്സിലിപ്പോൾ അല്പം പോലുമുണ്ടായിരുന്നില്ല. ഞാനറിയാതെ, എന്റെ സിരകളിലേക്ക് എവിടെനിന്നോ ഊർജ്ജം പ്രവഹിച്ചു. സഹജീവികളായ നിരവധി പേരുടെ ജീവൻ ഇപ്പോൾ എന്റെ ഉത്തരവാദിത്തമാണെന്ന സത്യം ഞാൻ ഉൾക്കൊള്ളുകയായിരുന്നു.! തകർന്ന ‘ടൈറ്റാനിക്കി‘ലെ ജാക്കിനും റോസിനും കൈവന്നതുപോലെയുള്ള വിചിത്രമായ ഒരു മനോധൈര്യം എന്നെയും ആവേശഭരിതനാക്കി.

കാര്യങ്ങൾ നിയന്ത്രണവിധേയമാക്കി, ഞാൻ ചുറ്റുമുള്ള പ്രകൃതിയിലേയ്ക്കു നോക്കി. എത്ര മനോഹരമായ കാഴ്ചകൾ.! അല്പമകലെയുള്ള പാർക്കിൽ പ്ലാവില കടിച്ചുതിന്നുന്നതിനിടെ നിഷ്കളങ്കമായി പരസ്പരം കൊമ്പുകോർക്കുന്ന പുള്ളിമാനുകൾ. അവയെ ദൈവം രക്ഷിക്കട്ടെ..! പക്ഷികൾ എത്ര അനുഗ്രഹിക്കപ്പെട്ടവരാണെന്ന് എനിക്കു പെട്ടെന്നോർമ്മ വന്നു. ഒരു ജലഭീമനും അത്രയെളുപ്പത്തിൽ അവയുടെ ജീവനെടുക്കാനാവില്ല.! കലികയറിയ പ്രകൃതിയ്ക്കു മുന്നിൽ, മനുഷ്യൻ തന്നെയാണ് ഏറ്റവും ദുർബ്ബലനെന്ന് എനിക്കു തോന്നി. കണക്കുകൂട്ടൽ ശരിയാണെങ്കിൽ, ഏകദേശം അരമണിക്കൂറിനകം സംഹാരമൂർത്തിയായ ആ ജലഭീമൻ ഇവിടെയെത്തിച്ചേരും. അനിയന്ത്രിതമായ ഒരാവേശത്തിൽ, ഞാൻ ബാഗ് തുറന്ന് ക്യാമറയെടുത്തു. എന്റെ അഭാവം ഈ ലോകത്തെ സംബന്ധിച്ച് തീർത്തും അപ്രസക്തമാണ്. ഒരുവേള, മരണത്തിലൂടെ യെങ്കിലും ചരിത്രരേഖയാകാനിടയുള്ള ഒരു ചിത്രം ലോകത്തിനു നൽകാൻ കഴിഞ്ഞാൽ, അത് വിലപ്പെട്ട ഒരു സംഭാവനയായിരിക്കുമെന്ന് എന്റെ മനസ്സ് എന്നോടു മന്ത്രിച്ചു.

ഒടുവിൽ, ആ സമയമെത്തിച്ചേർന്നു. കിഴക്കുദിക്കിലേയ്ക്ക് ഇമവെട്ടാതെ തുറിച്ചുനോക്കി നിന്ന ഞങ്ങളുടെ കണ്മുന്നിലേയ്ക്ക് ആയിരം കൊമ്പനാനകളുടെ ചിന്നംവിളിയുമായി ഭീമാകാരനായ ആ ജലരാക്ഷസൻ അടുത്തടുത്തുവന്നു. എട്ടടിയെങ്കിലും ഉയരമുള്ള ചുറ്റുമതിൽ അനായാസം തകർത്തുകൊണ്ട്, ഉയരമുള്ള കൽത്തിട്ടകളിലൂടെ ഇരമ്പിക്കയറി അതാ അവൻ വരുന്നു.! എന്റെ ക്യാമറ രണ്ടുവട്ടം പ്രവർത്തിച്ചു. അടുത്ത സെക്കന്റിൽ ഞങ്ങൾ നിൽക്കുന്ന കൊട്ടാരസമുച്ചയത്തിലേക്കു ചീറിയടുത്ത അവൻ അതിന്റെ നെടുങ്കൻ ഭിത്തികളിൽ തല്ലിയലച്ചു പൊട്ടിച്ചിതറി. എനിക്കുചുറ്റും അലറിവിളിക്കുന്ന മനുഷ്യരുടെ ശബ്ദഘോഷങ്ങൾക്കിടയിലൂടെ ജലപാളികൾ ആകാശത്തേക്കുയർന്നുപൊങ്ങി. ഒരു തകർപ്പൻ മഴയിൽ ഞങ്ങൾ നനഞ്ഞു കുതിർന്നു. ഒരു നിമിഷം, കൊട്ടാരം ഒന്നു കുലുങ്ങി നിവർന്നതായി എനിക്കനുഭവപ്പെട്ടു. ഇതിനിടയിലെപ്പോഴോ ക്യാമറ ഒരിക്കൽക്കൂടി ക്ലിക്ക് ചെയ്തതായി എനിക്കോർമ്മയുണ്ട്. പിന്നെ, ബോധാബോധങ്ങൾക്കിടയിലെ ആഴക്കിണറിലേയ്ക്ക് ഞാനും വീണുപോയി. വലിയൊരലർച്ചയോടെ എന്തോ നിലംപതിക്കുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നു നോക്കവേ, അല്പം മുൻപു വരെ ഓഫീസ് പ്രവർത്തിച്ചിരുന്ന നേത്യാരമ്മയുടെ ബംഗ്ലാവ് തകർന്ന് തിരയടിക്കുന്ന ജലശയ്യയിലേയ്ക്കമരുന്നതാണു കണ്ടത്. മരണത്തെ മുഖാമുഖം കണ്ടതുപോലെ എല്ലാവരും അലറിവിളിച്ചു. എവിടെനിന്നൊക്കെയോ ദീനരോദനങ്ങളും പക്ഷിക്കരച്ചിലുകളും അലർച്ചകളും ഉയർന്നു കേട്ടു. പിന്നിലേക്കു തിരിഞ്ഞുനോക്കിയപ്പോൾ, തോട്ടത്തിലെ മരങ്ങളെയും കൽക്കെട്ടുകളെയും കടപുഴക്കിക്കൊണ്ട് വന്യമായ ശക്തിയോടെ ആ രാക്ഷസരൂപം മതിൽ ചാടിക്കടന്നു മറയുന്നത് ഞാൻ വ്യക്തമായിക്കണ്ടു.

പിന്നീട്, ഒരു ദുസ്വപ്നത്തിൽ നിന്നുണർന്നപോലെ ഞാൻ ചുറ്റും നോക്കി. ഇല്ല; ആരും മരിച്ചിട്ടില്ല. മരണതുല്യമോ അതിനേക്കാൾ ഭീകരമോ ആയ ഒരവസ്ഥയിലൂടെയാണ് ഞങ്ങൾ കടന്നുപോയതെന്നു തോന്നി. നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ആ ജലയുദ്ധത്തിൽ എല്ലാം തകർന്നടിഞ്ഞു കഴിഞ്ഞു. തൊട്ടുമുൻപുവരെ നിറയെ പൂക്കളുമായി ചിരിച്ചുനിന്നിരുന്ന പൂന്തോട്ടം ചെളിവെള്ളം നിറഞ്ഞ ഒരു മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു.! ഒരക്ഷരം പോലും ഉരിയാടാനാവാതെ, മരവിച്ച മനസ്സുമായി ഞങ്ങൾ ആ വെറും നിലത്ത് കുത്തിയിരുന്നു.

പത്തുപതിനഞ്ചുമിനിറ്റിനകം ഞാൻ സമചിത്തത കൈവരിച്ചു. ജോലികൾ ഇനിയും ബാക്കിയുണ്ട്. മൊബൈൽ കൈയിലെടുത്ത് 100-ലേയ്ക്കു വിളിച്ചു. ഏറെ ശ്രമിച്ചതിനു ശേഷമാണ് മറുപടി ലഭിച്ചത്. കൊട്ടാരത്തിൽ കുടുങ്ങിയിട്ടുള്ളവരുടെ സ്ഥിതിവിവരക്കണക്ക് ഞാൻ അവരെ ബോധ്യപ്പെടുത്തി. രക്ഷാപ്രവർത്തകരെത്തും വരെ അവിടെത്തന്നെയിരിക്കാനും ആരും താഴെയിറങ്ങരുതെന്നും പോലീസ് പറഞ്ഞു. ബൈനോക്കുലറിന്റെ കാഴ്ചവട്ടത്തിൽ കാണാവുന്ന കാര്യങ്ങൾ സെക്യൂരിറ്റി ജീവനക്കാർ തന്നെ എനിക്കു കാട്ടിത്തന്നു. നേരത്തെ പുള്ളിമാനുകൾ നിന്നിരുന്ന പ്രദേശം ഇപ്പോൾ ശൂന്യമായിരുന്നു.! കൊട്ടാരത്തിനു പിന്നിലെ വിശാലമായ എട്ടുകെട്ടിന്റെ ഒരു ഭാഗവും കുളപ്പുരമാളികയും തകർന്നു നിലംപൊത്തിക്കിടക്കുന്നത് ഞങ്ങൾ ഭീതിയോടെ നോക്കിക്കണ്ടു.

പരിസരവീക്ഷണം നടത്തിവന്ന ജോസഫ് കൊട്ടാരമുറ്റത്ത് നാലടിയോളം ഉയരത്തിൽ ചെളി അടിഞ്ഞുകൂടിയിട്ടുണ്ടെന്ന റിയിച്ചു. സ്റ്റാഫിനു പുറത്തുകടക്കാൻ ഹെലിക്കോപ്റ്ററിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അവർ താമസിയാതെ എത്തുമെന്നും അയാൾ പറഞ്ഞു. ഏകദേശം അരമണിക്കൂർ കഴിഞ്ഞതോടെ ആകാശത്തിൽ തലങ്ങും വിലങ്ങും ഹെലിക്കോപ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സ്വന്തമൂഴം കാത്ത് ഞങ്ങൾ ആകാശത്തേക്കു നോക്കിയിരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ലൈനിൽ കിട്ടാൻ എല്ലാവരും കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും നെറ്റ്വർക്ക് പുന:സ്ഥാപിക്കപ്പെട്ടിരുന്നില്ല. ആശങ്കയുടെ മിനിറ്റുകൾ കടന്നുപൊയ്ക്കൊണ്ടേയിരുന്നു..

പോലീസിന്റെ വയർലെസ് സംവിധാനമായിരുന്നു ഏക ആശ്വാസം. ഹെലിപ്പോപ്റ്ററുകൾ ഉടനെ ടെറസ്സിലിറങ്ങുമെന്നും എല്ലാവരും താഴത്തെ നിലയിലേക്കിറങ്ങി ക്യൂവായി നിൽക്കാനും അറിയിപ്പു കിട്ടി. മൂന്നുജില്ലകൾ ഏറെക്കുറെ നാമാവശേഷമായിട്ടുണ്ടെന്നും റോഡ് ഗതാ‍ഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണെന്നും നിരവധി ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെന്നും മരണസംഖ്യ ലക്ഷങ്ങളാണെന്നും ഇതിനിടെ, ജോസഫ് എന്റെ ചെവിയിൽ അടക്കം പറഞ്ഞു. താമസിയാതെ ഒരു ഹെലിക്കോപ്റ്റർ സുരക്ഷിതമായി ടെറസ്സിലിറങ്ങി. സ്ത്രീകൾക്കായിരുന്നു ആദ്യ അവസരം. ആറു ഘട്ടമായി എല്ലാവരെയും കയറ്റിവിട്ടു. ഞാനും ജോസഫും അവസാനത്തെ വിമാനത്തിൽ കയറി. അപായമില്ലാതെ എല്ലാവരെയും രക്ഷാകേന്ദ്രങ്ങളിലെത്തിക്കാൻ കഴിഞ്ഞതിന്റെ സമാധാനത്തിൽ, ഞാനൊരു ദീർഘനിശ്വാസമുതിർത്തു. അപ്പോഴാണ് കിലോമീറ്ററുകൾക്കപ്പുറത്തുള്ള എന്റെ ഗ്രാമത്തെയും പുഴയുടെ തീരത്തുള്ള എന്റെ ഗൃഹത്തിലെ പാവം മനുഷ്യാത്മാക്കളെയും കുറിച്ച് ഞാനോർത്തത്. എന്തൊക്കെയാവും സംഭവിച്ചിരിക്കുക എന്നാലോചിച്ചപ്പോൾ, ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി. താഴെ, തെങ്ങിൻ തലപ്പുകൾക്കിടയിലൂടെ നഷ്ടാവശിഷ്ടങ്ങളിലേയ്ക്കു നോക്കിയിരിക്കെ, എന്റെ മനസ്സ് ആരുമറിയാതെ തേങ്ങിക്കൊണ്ടിരുന്നു.

* * * *

ചുവരിലിരുന്ന് ഒരു കിളി ചിലച്ചു. ഞാൻ ഞെട്ടിയുണർന്നു. ഹോ, വിസ്മയത്താൽ എന്റെ ശരീരം വിറച്ചു. ഇത്ര നേരവും കണ്ടതെല്ലാം സ്വപ്നമായിരുന്നോ.? അനുഭവിച്ചതെല്ലാം മായയായിരുന്നോ.? അപ്രതീക്ഷിതമായി ജീവിതം തിരിച്ചു പിടിച്ചതു പോലെ എന്റെ മനസ്സ് സന്തോഷത്താൽ തുടിച്ചു. കിടക്കയിൽ നിന്നെണീറ്റു ലൈറ്റിട്ടു. കൃത്യം ആറുമണി. നേരം പുലരുന്നതേയുള്ളു. ആകാംക്ഷാഭരിതനായി വാതിൽ തുറന്ന് ഞാൻ മുറ്റത്തേയ്ക്കു നോക്കി. ഇല്ല. ഒന്നും സംഭവിച്ചിട്ടില്ല. അകത്തെ മുറിയിൽ നിന്ന് അമ്മയുടെ ചുമ കേട്ടു. ഹോ..സമാധാനമായി. ഇല്ല, ഒന്നും സംഭവിച്ചിട്ടില്ല. ഒന്നും സംഭവിച്ചിട്ടില്ല.!

ആശ്വാസം നിറഞ്ഞ മനസ്സോടെ, പുനർജ്ജന്മം ലഭിച്ചവന്റെ ആനന്ദത്തോടെ സോഫയിൽ ചാരിക്കിടന്ന് ടീവി ഓൺ ചെയ്തു. റിമോട്ടിൽ വിരലമർത്തിയതും കണ്മുന്നിൽ നിറഞ്ഞത് പ്രളയജലത്തിൽ തകർന്നു തരിപ്പണമായ ഒരു വിമാനത്താവളത്തിന്റെ ദൃശ്യമാണ്. ഹോ, ഇതു നെടുമ്പാശ്ശേരിയാണല്ലോ.! ഞെട്ടിവിറച്ചുകൊണ്ട് ഞാൻ ചാടിയെണീറ്റു. ആ കാഴ്ചകൾ എന്നെ ശ്വാസം മുട്ടിച്ചു. തിങ്ങിനിറഞ്ഞ അഭയാർത്ഥി ക്യാമ്പുകൾ..ആശങ്കാകുലമായ മനുഷ്യമുഖങ്ങൾ..അടക്കിപ്പിടിച്ച തേങ്ങലുകൾ.. ജോലിയിൽ മുഴുകിയ നഴ്സുമാരും ഡോക്ടർമാരും, അന്തിമവിധിയേറ്റുവാങ്ങി നിശ്ചലരായവർ..ഹൃദയം തകർന്ന നിലവിളികൾ..പാതിയും മുക്കാലും വെള്ളത്തിൽ മുങ്ങിയ കൊച്ചിയിലെ വൃക്ഷങ്ങളും കെട്ടിടങ്ങളും…ദൈവമേ, എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നത്.? ഇതു സത്യമോ മിഥ്യയോ.? സ്വപ്നത്തിനും സത്യത്തിനുമിടയിലെ അതിർവരമ്പുകൾ ഇല്ലാതായോ.? ഞാൻ എന്റെ ശരീരത്തിൽ വീണ്ടും വീണ്ടും നുള്ളിനോക്കി. അത്ഭുതമെന്നു പറയട്ടെ. ഒട്ടും നോവുന്നുണ്ടായിരുന്നില്ല. വല്ലാത്തൊരു ആശയക്കുഴപ്പം എന്നെ ഉഴുതുമറിച്ചു. ശിരസ്സിനുള്ളിൽ എന്തോ പെരുത്തുവരുന്നതു പോലെ..എന്റെ സമാധാനം നഷ്ടപ്പെട്ടു. അവസാനിക്കാത്ത ഒരു ജലസമാധിയുടെ സുഖദമായ തണുപ്പിനായി മനസ്സും ശരീരവും കൊതിച്ചു. കുളിമുറിയിലേക്കോടിക്കയറി ബാത്ത്ടബ്ബിൽ വെള്ളം നിറച്ചു. പിന്നെ, നിരുപാധികമായ ശാന്തി മാത്രമാഗ്രഹിച്ച് ഞാൻ ആ തണുപ്പിലാണ്ടുകിടന്നു.!

Saturday, October 1, 2011

നന്മ നിറഞ്ഞവന്റെ ധർമ്മസങ്കടങ്ങൾ









ഒന്ന്

തിരുവോണനാൾ. കത്തിത്തുടങ്ങുന്ന ഒരു ചിതയുടെ ദൃശ്യത്തിലേയ്ക്കാണ് രാവിലെ കണ്ണുതുറന്നത്.! ആരാണീ പത്രം കിടക്കയിൽ കൊണ്ടുവന്നു വെച്ചത്.? നബീസു തന്നെയാവും. എന്റെ പഴയ ശീലങ്ങളൊന്നും അവളിനിയും മറന്നിട്ടില്ല. ഒരു വർഷത്തിനു ശേഷം വീണ്ടും ഒരു മലയാളപത്രത്തിലൂടെ കണ്ണോടിച്ചു. ദില്ലി സ്ഫോടനത്തിൽ കൊല്ലപ്പെട്ട പിതാവിന്റെ ചിതയ്ക്കരികിൽ നിൽക്കുന്ന മകൻ. വിഷാദത്തിന്റെ കരിനിഴൽ വീണ അവന്റെ മുഖത്തേയ്ക്കു നോക്കാൻ എനിക്കു മടി തോന്നി. എത്ര ആകസ്മികമായാണ്, വരാനിരിക്കുന്ന ഓരോ ഓണവും ആ കുമാരന് ജീവിതദുരന്തത്തിന്റെ ഓർമ്മദിവസമായി മാറിയത്? ഓരോ മരണവും ചിന്തയിൽ നീറുന്ന ചിതയൊരുക്കുന്നു.! ഉള്ളിലിരുന്ന് എന്നെ കാർന്നുതിന്നുന്ന മറുപാതിയെ ഞാൻ ഒരിക്കൽക്കൂടി ശപിച്ചു.

ഒമാനിൽ നിന്ന് ഇന്നലെ എത്തിയതേയുള്ളു. റംസാനു മുൻപ് നാട്ടിലെത്താനുള്ള ശ്രമം നേരത്തേ തുടങ്ങിയെങ്കിലും പെരുന്നാളും കഴിഞ്ഞ് ഓണമെത്തിയപ്പോഴാണ് ഒടുവിൽ, അത് സഫലമായത്. ഇനിയിപ്പോൾ, തിരുവോണത്തെ പെരുന്നാളാക്കി മാറ്റുകയേ നിവൃത്തിയുള്ളു. രണ്ടാഴ്ചത്തെ ലീവ് മാത്രം. എങ്കിലും, എന്നെ സംബന്ധിച്ച് ഈ ദിവസങ്ങൾ വളരെ പ്രധാനമാണ്. മുൻകൂട്ടി വാങ്ങിവെച്ച പെരുന്നാൾ സമ്മാനങ്ങൾ ബീവിയ്ക്കും എന്റെ തങ്കക്കുടമായ ഐഷ മോൾക്കും സ്വന്തം കൈകൊണ്ടു നൽകുന്നതിന്റെ സുഖം ഒന്നുവേറെ തന്നെ.! നിസ്സാരമായ നിരവധി സ്വപ്നങ്ങളിൽ പുലരുന്ന പ്രവാസിയുടെ ശരാശരി ജീവിതം ഇങ്ങനെയൊക്കെയാണല്ലോ.? നല്ലപാതിയായ എന്റെ നബീസു, സ്വന്തം കൈകൊണ്ടുണ്ടാക്കിയ നേർമ്മയുള്ള അരിപ്പത്തിരിയുടെയും കോഴിക്കറിയുടെയും ഓർമ്മ നുണഞ്ഞ് പതിയെ ദിനചര്യയിലേയ്ക്കു കടന്നു.!

ചായ കുടിച്ച് രണ്ടു വീടപ്പുറമുള്ള നജീമിന്റെ വീട്ടിലേയ്ക്കിറങ്ങുമ്പോൾത്തന്നെ, അവന്റെ ഫോൺ വന്നു. എത്ര ദൂരെയാണെങ്കിലും സമാനമനസ്സുകൾ സമാന്തരമായി സഞ്ചരിക്കുന്നു.! ബാല്യം മുതലേ കളിക്കൂട്ടുകാരനായ അവന്റെയൊപ്പമാണ് പത്തുവർഷം മുൻപ് ആദ്യമായി നാടുവിടുന്നത്. കമ്പനി രണ്ടാണെങ്കിലും ഒരേ റൂമിൽത്തന്നെ താമസം. “മജീക്കാ, നമ്മൾ പ്രതീക്ഷിച്ച പോലെ ഇന്നലെ വൈകി പി.ആർ.ഓ എത്തി. കാര്യം പറഞ്ഞപ്പോഴേ പാസ് പോർട്ട് എടുത്തുതന്നു. എന്റെ കണ്ണുനിറഞ്ഞു പോയിക്കാ. ഉമ്മയെ അവസാനമായൊന്നു കാണാൻ പറ്റുമെന്നു വിചാരിച്ചില്ല. അള്ളാഹുവിന്റെ കൃപ..! ടിക്കറ്റിനായി ഞാൻ ദാ ഇപ്പത്തന്നെ ഇറങ്ങുവാ. ന്റെ വീട്ടിലേക്കൊന്നു കേറണേ ഇക്കാ..തീർച്ചയായും ഞാനെത്തുമെന്നു പറയണം.. ടിക്കറ്റ് ഓകെയാക്കി ഞാൻ ഉടനെ വിളിക്കാം”. പാവം നജീം..മൂന്നു ദിവസമായി അവന്റെ പുന്നാര ഉമ്മയുടെ മരവിച്ച ശരീരം, പൊന്നുമകന്റെ വരവും കാത്തു കിടക്കുന്നു. അത്യാഹിതലീവിനായുള്ള കഠിനശ്രമം ഒടുവിൽ വിജയിച്ചിരിക്കുന്നു. പ്രവാസിയുടെ അനിവാര്യമായ ദുർവിധികളെപ്പറ്റി ഓർത്തുകൊണ്ട് ഞാൻ മൌനമുദ്രിതമായി വിറങ്ങലിച്ചു നിൽക്കുന്ന ആ വീടിന്റെ പടികൾ കയറി.

രണ്ട്

‘സ്നേഹഭവനാ’കെ അന്ന് ഉല്ലാസത്തിലായിരുന്നു. വർഷത്തിലൊരിക്കൽ മാത്രം വിരുന്നെത്തുന്ന സന്തോഷം അന്തേവാസികളുടെ തിളക്കമാർന്ന മുഖങ്ങളിൽ വായിക്കാം. ജീവിതമെന്തെന്നറിയുന്നതിനു മുൻപേ, അനാഥമന്ദിരത്തിലെത്തിപ്പെട്ട കുരുന്നുകൾ.! അച്ഛനാരെന്നറിയാത്തവർ, മാനഭയം നിമിത്തം അമ്മമാർ രഹസ്യമായി ഉപേക്ഷിച്ചവർ. രക്തബന്ധമെന്ന കെട്ടുപാടില്ലാതെ വളരുന്ന ഒരുവന്റെ മനോവ്യാപാരങ്ങൾ എങ്ങനെയായിരിക്കും.? അനാഥൻ എന്നുപേരിട്ടു തന്നെ മാറ്റിനിർത്തുന്ന ലോകത്തെ അവൻ എങ്ങനെയാവും കാണുക.? പൊതുസമൂഹത്തിനും തനിക്കുമിടയിലെ നികത്താനാവാത്ത വിടവ് ആ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നുണ്ടാവും.?

ചെറിയ ഹാളിലെ പെട്ടെന്നൊരുക്കിയ വേദിയിൽ സ്ഥാപനത്തിന്റെ മേധാവിയ്ക്കൊപ്പം കുട്ടികൾക്ക് അഭിമുഖമായിരിക്കെ, ശിഥിലചിന്തകളിൽ സ്വയം നഷ്ടപ്പെട്ടു. മുൻപിൽ, കലപില കൂട്ടുന്ന കുട്ടികളുടെ കളങ്കരഹിതമായ സന്തോഷം മനസ്സിൽ സമ്മിശ്രവികാരങ്ങളുടെ തിരയുണർത്തി. അരുണും ഹരിയും മാറിമാറി അവരുടെ ഭാവഭേദങ്ങൾ ക്യാമറയിൽ പകർത്തുന്നുണ്ട്. ഒരു മാസം കൊണ്ട് ഞങ്ങൾ സുഹൃത്തുക്കൾ ചേർന്നു സമാഹരിച്ച സഹായധനം കൈമാറാൻ എല്ലാവരും കൂടി എന്നെയാണു ചുമതലപ്പെടുത്തിയത്. എന്റെ ഇടതുവശത്തിരുന്ന നാട്ടുകാരനായ ചലച്ചിത്രതാരം ചടങ്ങിനു കൊഴുപ്പു കൂട്ടി. തുക കൈമാറി, മൈക്കിനു മുന്നിലെത്തിയപ്പോൾ സത്യത്തിൽ, കണ്ണു നിറഞ്ഞുപോയി. സഭാകമ്പമോ, വിവരണാതീതമായ ആനന്ദമോ എന്നറിയില്ല..മനസ്സ് പെട്ടെന്നു വികാരഭരിതമായി. പിന്നീട്, വിശിഷ്ടാതിഥിയായ നടന്റെ നർമ്മമധുരമായ ആശംസാപ്രസംഗം കുഞ്ഞുങ്ങൾക്കൊപ്പം എന്നെയും ചിരിപ്പിച്ചു. അപ്പോഴാണ് മനസ്സൊന്നു തണുത്തത്. പിന്നെ, വിഭവസമൃദ്ധമായ സദ്യയ്ക്കു ശേഷം, ഞങ്ങൾ അവർക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്നു. വിസ്മയം മാറാത്ത കണ്ണുകളോടെ പലരും ഞങ്ങളെ തുറിച്ചുനോക്കി. കൂട്ടത്തിൽ, കുസൃതിയായ ഒരുവൻ എന്റെ കൈപിടിച്ച് എന്നോടൊപ്പം വന്നു. പിന്നെ, ആരും കേൾക്കുന്നില്ലെന്നുറപ്പു വരുത്തി, അവൻ എന്നോടൊരു രഹസ്യം ചോദിച്ചു. “അങ്കിൾ, അടുത്ത തവണ വരുമ്പോൾ മോഹൻലാലിനെക്കൂടി കൊണ്ടുവര്വോ..?” അവനെ കെട്ടിപ്പിടിച്ച്, ആ ഓമനക്കവിളിൽ ഒരുമ്മ കൊടുത്തു. അതൊരുറപ്പായി അവൻ കരുതിക്കാണും. എനിക്കെന്തോ വല്ലാത്ത സങ്കടം വന്നു.! പോക്കറ്റിൽ നിന്ന് തൂവാലയെടുത്ത്, ആരും കാണാതെ ഞാൻ കണ്ണുകൾ തുടച്ചു.

മൂന്ന്

നബീസുവിനെയും ഐഷമോളെയും കൂട്ടി കുമരകത്തെത്തുമ്പോൾ, എല്ലാരുമെത്തിക്കഴിഞ്ഞിരുന്നു. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന സുഹൃദ്സംഗമം. ഒപ്പം, നബീസുവും എന്റെ തങ്കക്കുടവും കാത്തുകാത്തിരുന്ന ഒരു വിനോദയാത്ര.! സന്തോഷ് വർമ്മയെന്ന ‘ആശാന്റെ’കാർമ്മികത്വത്തിൽ വളരെപ്പെട്ടെന്ന് ആലോചിച്ചുറപ്പിച്ച പരിപാടിയായിരുന്നു, ഹൌസ്ബോട്ടിൽ ഒരു ജലയാനം. നാട്ടിലുള്ളവരെയെല്ലാം ഫോണിൽ വിളിച്ച് സ്ഥലവും സമയവും അറിയിച്ചു. വിശാലമായ കായൽപ്പരപ്പിലൂടെ മന്ദമന്ദം ഒഴുകിനീങ്ങുന്നതിന്റെ ആഹ്ലാദം.! ഓൺലൈൻ ബന്ധങ്ങളെ നേരിൽ പരിചയപ്പെടുന്നതിന്റെ ആനന്ദം..! ജോമോനെ മുൻപൊരിക്കൽ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് കുടുംബത്തെ കാണുന്നത്. ഭൂമിയിലേയ്ക്കു വിരുന്നുവന്ന ദേവദൂതിയെപ്പോലെ ഒരു സുന്ദരിമോളാണ് അയാൾക്ക്.! ‘പാറുക്കുട്ടി‘യുടെ തൽസ്വരൂപമായ റസിയ എല്ലാവർക്കും മധുരം വിതരണം ചെയ്ത് ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്നു. ടീച്ചറായ ശ്രീച്ചേച്ചിയുടെ മുഖം, കടുത്ത വെയിലിൽ അല്പം വാടിയ ഒരു പനിനീർപ്പൂവിനെ ഓർമ്മിപ്പിച്ചു.

സുന്ദരമായ കായൽത്തീരദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് ബെഹ്റിനിൽ നിന്ന് മനൂട്ടൻ വിളിച്ചത്. പാവം, ഒരു മാസമായി വീട്ടിനുള്ളിൽ അടച്ചിരിപ്പാണത്രേ.! പുറത്ത് സർക്കാരും കലാപകാരികളും തമ്മിലുള്ള സംഘർഷം ഇനിയും അയഞ്ഞിട്ടില്ല.! “നിങ്ങടെയൊക്കെ നല്ലകാലം.! സന്തോഷിക്ക്...ഞങ്ങൾ ഇവിടിരുന്ന് അതൊക്കെ മനസ്സിൽ കാണാം.!“ അവന്റെ തമാശയിൽ പൊതിഞ്ഞ ദു:ഖം, ഒരു നിമിഷം എന്നെ നിശ്ശബ്ദനാക്കി. ദുബായിൽ നിന്നു വിളിച്ച നാച്ചിയെന്ന അബ്ദുൾ നാസർ, തന്റെ മാസ്റ്റർപീസായ പൊട്ടിച്ചിരിയ്ക്കിടയിലൂടെ ഈ അപൂർവസംഗമത്തിന് എല്ലാവിധ ആശംസകളും നേർന്നു. മനു, മജ് നു, ഹരി, വിഷ്ണു തുടങ്ങി എല്ലാവർക്കുമൊപ്പമിരുന്ന് തമാശകൾ പൊട്ടിച്ചിരുന്ന നോബിയെയും അരുണിനെയും പെട്ടെന്നു കാണാതായി. പിന്നീട് അടച്ചിട്ട മുറിയിൽ നിന്നു പുറത്തുവന്നതും, അവരുടെ ചിരിയിലും പെരുമാറ്റത്തിലും ചില പ്രകടമായ മാറ്റങ്ങൾ കാണപ്പെട്ടു. ഇതിനു കാരണമന്വേഷിച്ചുപോയ ഹരി, പച്ചനിറമുള്ള ഒരു കാലിക്കുപ്പിയുമായെത്തി, അത് എല്ലാവരുടെയും മുൻപിൽ പ്രദർശിപ്പിച്ചു.! രഹസ്യം പുറത്തായതിന്റെ ചമ്മലുമായി അവർ അതിവിശാലമായ ബോട്ടിലെ അടുക്കളയിലേയ്ക്കു നിഷ്ക്രമിച്ചു. തന്റെ ഗൃഹനിർമ്മാണത്തിന്റെ പ്രശ്നങ്ങൾ ‘ആശാൻ‘ എന്നെ വിശദമായി ധരിപ്പിച്ചു. കീശയിലുള്ളതു തീർന്നെന്നും പണി തീർക്കാൻ ഇനി ലോണെടുക്കുകയേ നിവൃത്തിയുള്ളു എന്നുമറിയിച്ചു. വിശേഷങ്ങൾ മുഴുവൻ പറഞ്ഞുതീരും മുൻപേ, സുന്ദരമായ പകൽ എരിഞ്ഞടങ്ങുകയും പടിഞ്ഞാറേ ആകാശത്ത് അവശേഷിച്ച ചുവപ്പും അപ്രത്യക്ഷമാവുകയും ചെയ്തു. വീണ്ടും കാണാമെന്ന ഉപചാരം ചൊല്ലി മനസ്സില്ലാമനസ്സോടെ ഞങ്ങൾ പിരിഞ്ഞു.

നാല്

എത്ര പെട്ടെന്നാണ് അവധിദിവസങ്ങൾ തീർന്നുപോയത്.! അതിരാവിലെ നബീസു വിളിച്ചുണർത്തി ഓർമ്മപ്പെടുത്തിയപ്പോഴാണ് മടക്കയാത്രയുടെ അനിവാര്യതയെപ്പറ്റി ബോധമുണ്ടായത്. സ്വീകരണമുറിയിൽ, നജീം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ദു:ഖിതനെങ്കിലും ഉമ്മയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം ആ മുഖത്തു കണ്ടു. അവനു ഞായറാഴ്ച വരെ ലീവുണ്ട്. സാധനങ്ങൾ പായ്ക്ക് ചെയ്യാനും മറ്റും എന്റെയൊപ്പം കൂടി. ഈയിടെ വാങ്ങിയ പുതിയ ‘ക്വാളിസു‘മായി അളിയനും രാവിലെ തന്നെ എത്തിയിട്ടുണ്ട്. എന്നെ സുരക്ഷിതമായി എയർപോർട്ടിലെത്തിക്കുകയാണ് ഉദ്ദേശ്യം. രണ്ടു മണിയ്ക്കാണ് ഫ്ലൈറ്റ്. നബീസുവും ഐഷ മോളും ഒരുങ്ങിയിറങ്ങി. കൂടെപ്പോരാമെന്നേറ്റ്, നജീമും വണ്ടിയിൽ കയറി. ബൈപ്പാസിൽ നിന്ന് അരുണും ഹരിയും ഞങ്ങളുടെയൊപ്പം ചേർന്നു.

യാത്രയിൽ, ഈ വരവിലും നടക്കാതെ പോയ ആഗ്രഹങ്ങളെ മനസ്സ് ഒരിക്കൽക്കൂടി ഓർത്തെടുത്തു. സുശീലന്റെ വീട്ടിൽ പോയി അവനെ കാണണമെന്നുണ്ടായിരുന്നു. അർബുദം ബാധിച്ച് അവന്റെ അമ്മ കിടപ്പിലാണ്. രാജേഷിന്റെ സ്വപ്നപദ്ധതിയായ ആദ്യ കവിതാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിലും പങ്കെടുക്കാൻ കഴിഞ്ഞില്ല്ല്ല. അടുത്തദിവസം ജനിക്കാൻ പോകുന്ന മോൾക്കുള്ള താരാട്ടുപാട്ടുകളുമായി വരണമെന്ന് ഗൌരി അന്ത്യശാസനം നൽകിയിരുന്നു. സമയം കിട്ടാത്തതിനാൽ, ഗാനങ്ങൾ ഒരു സീഡിയിലാക്കി അയച്ചു കൊടുത്തു. ബാംഗ്ലൂരിൽ നിന്ന് ലാജു വിളിച്ച് ഏതുവിധേനയും ഒന്നുകാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതും നടന്നില്ല. ശ്രീനിവാസൻ സിനിമയിൽ, വിജയൻ ദാസനോടു പറയുംപോലെ ഒരിക്കലും നടക്കാത്ത സുന്ദരസ്വപ്നങ്ങൾ കൊണ്ടു തീർത്ത ഒരു തുരുത്താണോ, ജീവിതം.?

എയർപോർട്ടിലെത്തിയതറിഞ്ഞില്ല. ചെക്കിൻ ചെയ്യുന്നതിനുള്ള ക്യൂവിൽ നിൽക്കെ, ആരോ പുറത്തു തോണ്ടി വിളിച്ചു. പോലീസാണെന്ന് അയാൾ പരിചയപ്പെടുത്തിയപ്പോൾ ഞാൻ അമ്പരന്നു. ഇനി ആളു മാറിയതാവുമോ.? “എന്നോടൊപ്പം ഓഫീസിലേയ്ക്കു വരൂ. നിങ്ങൾ മാത്രം മതി..കൂടെയുള്ളവർ ഇവിടെ വെയ്റ്റ് ചെയ്യൂ.” അയാൾ നിർദ്ദേശിച്ചു. എനിക്കൊന്നും മനസ്സിലായില്ല. ഇത് പതിവില്ലാത്തതാണല്ലോ.? എന്തെങ്കിലും പരിശോധനയാവുമോ.? ഞാൻ അയാളുടെ കൂടെച്ചെന്നു. ഓഫീസിലെത്തിയതും പോലീസുകാരുടെ ആൾബലം കൂടി. സ്വരവും കടുത്തതായി. പാസ്പോർട്ടും മറ്റു രേഖകളും ആവശ്യപ്പെട്ടു. ഇതിനിടയിൽ ഒരാൾ എന്റെ മൊബൈൽ ഫോണും പിടിച്ചുവാങ്ങി. ഒരു കസേരയിലിരുത്തി, ചോദ്യം ചെയ്യാനാരംഭിച്ചു. എനിക്കറിയാത്ത എന്തൊക്കെയോ കാര്യങ്ങൾ അവരെന്നോടു ചോദിച്ചു. ഒരു ചോദ്യത്തിനുത്തരം പറഞ്ഞുതീരും മുൻപേ അടുത്ത ചോദ്യം. എനിക്ക് ഒരു തീവ്രവാദസംഘടനയുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നറിയിച്ച അവർ, ‘എല്ലാം വെളിപ്പെടുത്തുന്നതാണ് ഇനി നിങ്ങൾക്കു നല്ലതെ’ന്ന് ഒരുപദേശവും നൽകി. കാര്യത്തിന്റെ ഗൌരവമറിഞ്ഞ് ഒന്നു ഞെട്ടിയെങ്കിലും അല്പസമയത്തിനകം സമനില വീണ്ടെടുത്ത് നിരപരാധിത്വം ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു. ‘നിങ്ങൾ മൂന്നാർ സന്ദർശിച്ചിട്ടുണ്ടോ’ എന്നും ‘അവിടെ ഒരു ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ടോ’ എന്നും ചോദിച്ചു. 5 വർഷം മുൻപ് കുടുംബസമേതം മൂന്നാർ കാണാൻ പോയിട്ടുണ്ടെന്നും മറ്റൊന്നുമറിയില്ലെന്നും ഞാൻ പറഞ്ഞു. “നിങ്ങൾ പറയുന്നത് നുണയാണ്.. എന്തായാലും, ഈ യാത്ര ഞങ്ങൾ ക്യാൻസൽ ചെയ്യുന്നു...വി ആർ സോ സോറി ഫോർ ദാറ്റ്. അല്പസമയത്തിനകം ഐ.ജി. എത്തും. നിങ്ങൾക്കിവിടെ വെയ്റ്റ് ചെയ്യാം.” അവർ പറഞ്ഞു. രണ്ടു പോലീസുകാരുടെ കാവലിൽ, ഞാൻ അവിടെയിരുന്നു.

അടഞ്ഞ വാതിലിനു പുറത്ത്, എന്നെ കാത്തിരിക്കുന്ന സുഹൃത്തുക്കളുടെയും നബീസുവിന്റെയും മോളുടെയും ആശങ്ക നിറഞ്ഞ മുഖങ്ങൾ, മനസ്സിനെ വല്ലാതെ അലട്ടി. ഞാൻ നിസ്സഹായനായിരുന്നു. ഒരു പൌരനെന്ന നിലയിൽ, എന്റെ നിരപരാധിത്വം തെളിയിക്കാൻ ഇനിയെന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. നീതിയ്ക്കും നിയമത്തിനുമിടയിലെ വർദ്ധിച്ചുവരുന്ന വിടവിനെക്കുറിച്ചാലോചിച്ചപ്പോൾ, ഭയം തോന്നി. പിന്നീട്, വിശാലമായ മുറിയുടെ ചില്ലുജനാലയ്ക്കപ്പുറം, എനിക്കു പോകേണ്ടിയിരുന്ന വിമാനം അന്തരീക്ഷത്തിലേക്കു പറന്നുയരുന്നത് വേദനയോടെ ഞാൻ നോക്കിക്കണ്ടു. രണ്ടാഴ്ചയുടെ പെരുന്നാൾക്കാലം നൽകിയ ഈ പ്രഹരം എന്നെ തളർത്തിക്കളഞ്ഞു. ഒരിടത്തേയ്ക്കും ചലിക്കാനാവാതെ നിരായുധനായി, എപ്പോഴോ വരാനിടയുള്ള ഐ.ജിയെയും കാത്ത് ഞാൻ അവിടെത്തന്നെയിരുന്നു. അല്പം മുൻപുവരെ മനസ്സിൽ പൂത്തുലഞ്ഞുനിന്ന വസന്തം, ഒറ്റനിമിഷത്തിൽ കരിഞ്ഞുണങ്ങിപ്പോകുന്നത് ഞാനറിഞ്ഞു. അബ്ദുൾ മജീദ് എന്നതിനു പകരം, പേര് അനന്തപത്മനാഭൻ എന്നായിരുന്നെങ്കിൽ, ഒരു വേള, എന്റെ വിധി മറ്റൊന്നാകുമായിരുന്നോ എന്നാണ് ഞാനപ്പോൾ ആലോചിച്ചു കൊണ്ടിരുന്നത്.!

Saturday, September 3, 2011

ദീപക് ജോസഫിന്റെ തിരോധാനം













പ്രിയപ്പെട്ട വായനക്കാരാ, ഒരു പ്രവാസിയുടെ വൈകുന്നേരങ്ങൾ, എത്രയനാഥമാണെന്ന് നിങ്ങൾക്കറിയുമോ.? വേരുകളെല്ലാം പിഴുതെടുത്ത്, മരുഭൂമിയിലുപേക്ഷിക്കപ്പെട്ട ഒരു കിളുന്തുചെടിയെപ്പോലെ എന്റെ ആത്മാവ് തേങ്ങുന്ന സമയമാണത്. നിനച്ചിരിക്കാതെ, ഇന്റർനെറ്റിന്റെ കിളിവാതിലുകൾ കൂടി കൊട്ടിയടക്കപ്പെടുന്ന ചില ദിവസങ്ങളിൽ, എന്തുചെയ്യണമെന്നറിയാതെ ഞാൻ ആകെ അസ്വസ്ഥനാകും. ആർക്കും വേണ്ടാത്തവനായിപ്പോയല്ലോ എന്നോർത്ത് മനസ്സ് കാടു കയറും. അല്ലാത്ത ദിനങ്ങളിൽ, ജി ടോക്കിന്റെയും ഫേസ് ബുക്കിന്റെയും ഓർക്കൂട്ടിന്റെയും വാതിലുകൾ തുറന്നിട്ട് എന്റെ ജീവൻ നിലനിർത്തിപ്പോരുന്ന സൌഹൃദങ്ങൾക്കായി ഞാൻ കാത്തിരിക്കും. അതോടൊപ്പം, എന്റെ ഇഷ്ടചാനൽ തുറന്നുവെച്ച്, ശബ്ദം താഴ്ത്തി ലോകത്തിന്റെ സ്പന്ദനങ്ങൾക്കായി കാതോർക്കും.!

അന്നൊരു വ്യാഴാഴ്ചയായിരുന്നു. കൃത്യമായിപ്പറഞ്ഞാൽ, വി.എസ്.അച്യുതാനന്ദൻ ബെർലിൻ കുഞ്ഞനന്തൻ നായരെ കാണാൻ പോയതിന്റെ പിറ്റേദിവസം. ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തിയതേയുള്ളു. ഒരു ചായയിട്ടു കുടിച്ചുകൊണ്ട്, പതിയെ സോഫയിലേയ്ക്കു ചാഞ്ഞു. കോമഡിസിനിമകളിലെ നിലവാരമില്ലാത്ത പതിവുതമാശകളിൽ മനംമടുത്ത്, കുറെക്കൂടി മികച്ച തമാശകൾക്കായി ഞാൻ വാർത്താചാനലുകളിലേക്കു തിരിഞ്ഞിരുന്നു. റിമോട്ട് അമർത്തിയതും കണ്ടത് കുഞ്ഞനന്തൻ നായരുടെ മുഖമാണ്. കഴുകൻകണ്ണുകളുള്ള ഒരു മനുഷ്യന്റെ ആർത്തിപൂണ്ട ചോദ്യങ്ങൾക്കു മുന്നിൽ അയാൾ സംഘടനയ്ക്കുള്ളിലെ പഴയ വിഴുപ്പുകൾ അലക്കുകയായിരുന്നു. ഒരിക്കൽ എന്റെയും ജീവനായിരുന്ന പ്രസ്ഥാനത്തിനുള്ളിലെ ചരിത്രപരമായ തമാശകൾ കേട്ട് ഞാനങ്ങനെയിരുന്നു.

അപ്പോഴാണ്, നെഞ്ചിൽ തീ കോരിയിട്ടുകൊണ്ട്, ഫ്ലാഷ് ന്യൂസായി ആ വാർത്ത സ്ക്രീനിലൂടെ മിന്നിമറഞ്ഞത്: “പ്രമുഖ ചാനൽ റിപ്പോർട്ടർ ദീപക് ജോസഫിനെ കാണാനില്ല.” ഇതു കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ ദീപുവിന്റെ മൊബൈലിലേയ്ക്ക് ഡയൽ ചെയ്തു. സ്വിച്ചോഫ് ചെയ്തിരിക്കുകയാണെന്ന സന്ദേശം കിട്ടി. ഉടൻതന്നെ, അവന്റെ ഭാര്യ ജെസ്സിയെ വിളിച്ചു. അവളുടെ അച്ഛനാണ് ഫോണെടുത്തത്.
‘എന്തുപറ്റി.? എന്താണച്ഛാ സംഭവിച്ചത്?
‘അരുണേ, നിനക്കറിയാമല്ലോ.? ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്യാൻ അവൻ ഗോവയിലായിരുന്നു. നല്ല സുഖമില്ലെന്നറിയിച്ച് ഫോൺ വന്നപ്പോൾ ഞാൻ അങ്ങോട്ടുപോയതാ. ചാനലിൽ വിളിച്ച് പകരം സംവിധാനമുണ്ടാക്കി, ഞാനവനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. നല്ല ടെൻഷനുണ്ടെന്നു തോന്നി. ഒന്നും സംസാരിച്ചില്ല. അവർ അവിടെ കിടത്തി എന്തോ മരുന്നു കൊടുത്തു. ഒന്നുറങ്ങിയെണീറ്റപ്പോൾ എല്ലാം ശരിയായെന്നുതോന്നി. വേഗം നാട്ടിൽ പോകണമെന്നു പറഞ്ഞു. ഇന്നലെ രാത്രി, ട്രെയിനിൽ ഇങ്ങോട്ടു വരികയായിരുന്നു ഇടയ്ക്കെപ്പോഴോ ടോയ് ലറ്റിൽ പോവുകയാണെന്നു പറഞ്ഞ് അവൻ സീറ്റിൽ നിന്നെണീറ്റുപോയി. 10-15 മിനിറ്റ് കഴിഞ്ഞിട്ടും കാണാത്തപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. അവനെ കണ്ടില്ല. അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ, ഞാൻ എല്ലായിടത്തും പോയി നോക്കി. ഒരിടത്തുമുണ്ടായിരുന്നില്ല. വിളിച്ചുനോക്കി. ഫോൺ സ്വിച്ചോഫ് ആയിരുന്നു..“
‘അതേ, ഞാനും ഇപ്പോൾ വിളിച്ചുനോക്കിയച്ഛാ.. സ്വിച്ചോഫ് ആണ്.”
“എന്തെങ്കിലും വിവരം ലഭിച്ചാൽ പറയണേ മോനേ. ഞാൻ പിന്നെ വിളിക്കാം.”

എല്ലാ സമാധാനവും നഷ്ടപ്പെട്ടു. പ്രിയചങ്ങാതീ, എല്ലാവരെയും കബളിപ്പിച്ച് നീ എങ്ങോട്ടാണ് ഇറങ്ങിപ്പോയത്.? ഇപ്പോൾ 24 മണിക്കൂർ പിന്നിടുന്നു. ഇതിനിടയിൽ, നിന്റെ മന:സ്സാക്ഷിസൂക്ഷിപ്പുകാരനായ എന്നെപ്പോലും നീയൊന്നു വിളിച്ചില്ലല്ലോ.? ചാനലിലിപ്പോൾ മറ്റേതോ വാർത്തയാണ് ഫ്ലാഷ് ചെയ്യുന്നത്. ഞാൻ ടീവിയും കമ്പ്യൂട്ടറുമെല്ലാം ഓഫ് ചെയ്ത്, കട്ടിലിൽ കയറി വെറുതെ കണ്ണടച്ചുകിടന്നു.

* * * *

ഓർമ്മകൾ തുടങ്ങുന്നത് എട്ടുവർഷം മുൻപ്, പ്രസ്സ് അക്കാദമിയിലെ ജേർണലിസം ക്ലാസ്സിലാണ്. അവിടെവെച്ചാണ് ആദ്യമായി അവനെ പരിചയപ്പെടുന്നത്. ദീപക് ജോസഫ്-പരുക്കൻ ജീൻസും ഷർട്ടും ബുൾഗാൻ താടിയുമായി എല്ലാവരെയും അകറ്റി നിർത്തിയിരുന്ന ഒരു റിബൽ കഥാപാത്രം. വളരെ പെട്ടെന്നാണ്, കൂട്ടുകാരൻ എന്നതിനപ്പുറം എന്നെ പൂരിപ്പിക്കുന്ന എന്റെതന്നെ മറുപുറമായി അവൻ മാറിയത്. അരാജകമായ ആ പുറംമോടി അതിലോലമായ അവന്റെ മനസ്സിനെ മറയ്ക്കുന്ന ജാട മാത്രമായിരുന്നു. ബുദ്ധിമാനായ അവന് എല്ലാ ജീവിത സമസ്യകൾക്കും അവന്റേതായ ഉത്തരമുണ്ടായിരുന്നു. ലളിതസുന്ദരമായ പരിഹാരങ്ങളുണ്ടായിരുന്നു. ഏതു പരീക്ഷയിലും ഒന്നാമനായി. കഥ, കവിത, ചിത്രകല, സംഗീതം... തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു മാന്ത്രികവിദ്യ അവനു വശമായിരുന്നു.. കോഴ്സ് പൂർത്തിയാക്കും മുൻപേ പ്രമുഖചാനലിൽ സബ് എഡിറ്റർ ജോലി സമ്പാദിച്ച് മറ്റു വിദ്യാർത്ഥികളുടെ മുന്നിൽ താരമായി. പിന്നീട് നാലുവർഷം ജോലിതെണ്ടി നടന്ന എന്നെ, ദുബായിലെ ഒരു കമ്പനിയിലെത്തിച്ച് എന്റെ രക്ഷകനുമായി.! പക്ഷേ...ജീവിതത്തിന്റെ ദിക്കുകൾ ആരറിയുന്നു.!

വിദേശത്തെത്തി, ഒരു മാസത്തിനു ശേഷം ജി ടോക്കിന്റെ സ്വകാര്യതയിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി.
“ഡാ, നായിന്റെ മോനേ...നീ എവിടെയാ..? കാണുന്നില്ലല്ലോ.?”
“തിരക്കായിപ്പോയെടാ...കഴിഞ്ഞാഴ്ചയാ താമസം ശരിയായത്. നെറ്റ് കണക്ഷൻ ഇന്നലെ കിട്ടിയതേയുള്ളു.”
“ഉം..ഒന്നും പറയണ്ട..ഇപ്പോൾ സിറ്റി റിപ്പോർട്ടറാ..എനിക്കീ ജോലി ശരിയാകുമെന്നു തോന്നുന്നില്ല. മിക്കവാറും ഞാനിവരുമായി തല്ലിപ്പിരിയും...വല്ലാത്ത ടെൻഷൻ.. ലോകത്തെന്തു നടന്നാലും നമ്മളറിയണം..അല്ലെങ്കി മൊതലാളി നമ്മളെ വെച്ചേക്കില്ല..നമുക്കു കിട്ടാത്ത ഒരു വാർത്ത മറ്റേ ചാനലിൽ വന്നാപ്പിന്നെ പറയുകയും വേണ്ട.! മര്യാദയ്ക്കൊന്നൊറങ്ങീട്ട് എത്ര ദിവസായെന്നറിയാമോ.? മിക്കവാറും, ഞാൻ ഇതുപേക്ഷിക്കും...!”
“എടാ, ദീപൂ, നീ പെട്ടെന്നൊരു തീരുമാനമെടുക്കല്ലേ...ക്ഷമിക്ക്..കുറച്ചുനാൾ കഴിഞ്ഞാൽ വീണ്ടും ഡെസ്കിലേക്കു പോകാമല്ലോ.?”
“എന്റേടാ, വല്ലാത്ത മടുപ്പ്.. വാർത്ത അയയ്ക്കാൻ നേരമായി..ഞാൻ പിന്നെ വരാം.”

ഞാൻ ദുബായിലെത്തി, ഒരു വർഷത്തിനു ശേഷമായിരുന്നു അവന്റെ വിവാഹം. അതിൽ പങ്കെടുക്കാനാണ് ആദ്യമായി ലീവെടുത്ത് നാട്ടിൽ പോകുന്നതും. ടീവിയിൽ, അവന്റെ ചലനാത്മകമായ വ്യക്തിത്വം കണ്ട് ഇഷ്ടമായ ജെസ്സിയെന്ന പെൺകുട്ടി പ്രണയാഭ്യർത്ഥനയ്ക്കൊന്നും മുതിരാതെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ബാങ്കുദ്യോഗസ്ഥയായ അവളെ ഒരിക്കൽ ജോലിസ്ഥലത്തു ചെന്ന് കണ്ടുസംസാരിച്ച കാര്യം ഇടയ്ക്കെന്നോടു പറഞ്ഞിരുന്നു. ചാനൽ സുഹൃത്തുക്കളെല്ലാം വിവാഹത്തിൽ പങ്കെടുത്തു. ചിലരെയൊക്കെ എനിക്കു പരിചയപ്പെടുത്തി. മടങ്ങിപ്പോരുന്നതിനു മുൻപ് വീട്ടിൽ‌പ്പോയി ഞാനവനെ കണ്ടു. പിരിയാൻ നേരം എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു: “എടാ, പെണ്ണുകെട്ടിയെന്നു കരുതി വിളിക്കാതിരിക്കല്ലേ..അറിയാമല്ലോ.? എനിക്കു നീയൊക്കെയേ ഒള്ളു.!”

പിന്നീട്, ഫേസ് ബുക്കിലും ജി ടോക്കിലുമായി വല്ലപ്പൊഴുമൊക്കെ ഞങ്ങൾ കണ്ടുമുട്ടി. ഓൺലൈനിൽ കാണാത്തപ്പോൾ നഗരത്തിലെ ഏതെങ്കിലും തെരുവിൽ നിന്നോ, അമ്പലപ്പറമ്പിൽ നിന്നോ, ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്നോ സമ്മേളനവേദിയിൽ നിന്നോ ഒക്കെ അവൻ ഊർജ്ജസ്വലമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതുകണ്ട് ഞാൻ സന്തോഷിച്ചു. അങ്ങനെയിരിക്കെ, ഒരു ദിവസം, ഫേസ് ബുക്കിലെ ചാറ്റ് റൂമിൽ പച്ചവെളിച്ചം കണ്ട് ഞാനവനെ വിളിച്ചു.
“എടാ, ദീപൂ..”
“എടാ, ഞാൻ നിന്നെ നോക്കിയിരിക്കുവായിരുന്നു.”
“എന്തുപറ്റിയെടാ.?”
“എടാ, എനിക്കു വയ്യ..തീരെ സുഖമില്ല. ഇപ്പോൾ, വീണ്ടും ഡെസ്കിലെത്തി. പക്ഷേ, ഇവിടെയും ടെൻഷനു കുറവൊന്നുമില്ല. പലപ്പോഴും താങ്ങാൻ പറ്റുന്നില്ല തലയ്ക്ക് വല്ലാത്ത ഭാരം..നല്ല തലവേദനയും.. ഉള്ളിലെന്തോ പെരുത്തുവരുന്നതുപോലെ തോന്നുന്നു.“
“സാരമില്ലെടാ, ഹെവി വർക്കിന്റെയാ. നീ പേടിക്കാതെ..വല്ലാതെ അസ്വസ്ഥതയുണ്ടെങ്കിൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കണ്ടു സംസാരിക്ക്. എല്ലാം ശരിയാവും, നീ സമാധാനമായിരിക്ക്. എനിക്കൊരാളെ നേരിട്ടറിയാം. ഞാൻ വിളിച്ച് ടൈം ഫിക്സ് ചെയ്തു തരട്ടെ.?”
“വേണ്ട വേണ്ട നീയുള്ളപ്പോൾ പിന്നെന്തിനാ വേറെ സൈക്കോളജിസ്റ്റ്..?” അവനും ഒപ്പം ഞാനും ചിരിച്ചു. “ഇപ്പം, വലിയ കുഴപ്പമൊന്നുമില്ല. ഞാൻ മാനേജ് ചെയ്തോളാം.”

നാട്ടിലായിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. സ്വകാര്യദു:ഖങ്ങൾ അവൻ എന്നോടുമാത്രമേ പറയൂ. അതാണിപ്പോൾ, എന്നെ കൂടുതൽ ദു:ഖിതനാക്കിയത്. പുറംലോകത്തിന് ഒരു പത്രപ്രവർത്തകൻ മാത്രമായ ആ പാവത്തിന്റെ മനസ്സ് താളം തെറ്റുമോയെന്നു ഞാൻ ഭയന്നു. കുറേ നാളത്തേയ്ക്ക് ഓൺലൈനിൽ കണ്ടതേയില്ല. തിരക്കാവുമെന്നു കരുതി. ഞാനും ജോലിത്തിരക്കിലായിരുന്നു. രണ്ടുമൂന്നുവട്ടം വിളിച്ചിട്ടും ഫോൺ എടുത്തതുമില്ല. പിന്നീടൊരു ദിവസം എന്റെ ഫോൺ റിംഗ് ചെയ്തു. അവനായിരുന്നു:
“എടാ, അരുണേ, എനിക്കറിയില്ലടാ..ന്യൂസ്റൂമിൽ റസിയയുമായി സംസാരിച്ചിരിക്കുകയായിരുന്നു. രാത്രി 8-നുള്ള മെയിൻ സ്റ്റോറിയുടെ ‘ലീഡി’നെക്കുറിച്ചാ പറഞ്ഞോണ്ടി രുന്നത്. പെട്ടെന്ന് എന്റെ സമനില തെറ്റിയതുപോലെ എനിക്കു തോന്നി. അവളെന്നോട് എന്തൊക്കെയോ ചോദിച്ചു. എനിക്കൊന്നും വ്യക്തമായില്ല. പിന്നീട്, തളർന്നുവീഴുക യായിരുന്നത്രേ.! ഉണരുമ്പോൾ ഹോസ്പിറ്റലിലായിരുന്നു. എന്റെ ലൈഫ് തീർന്നെടാ.. എനിക്കിനി ഒന്നുമാവില്ല. സത്യത്തിൽ, എന്റെ വിഷമം അസുഖത്തെക്കുറിച്ചല്ല ; ഓഫീസിലാകെ ഞാനൊരു ചർച്ചാവിഷയമായി. എനിക്കു മതിയായെടാ. എന്റെ കരിയർ ഇതോടെ അവസാനിച്ചു.”

അവനെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. സത്യത്തിൽ സംഗതിയുടെ ഗൌരവം അപ്പോളാണ് എനിക്കും വ്യക്തമായത്. അന്നുവൈകിട്ട് ഓൺലൈനിൽ, ഞങ്ങൾ വിശദമായി സംസാരിച്ചു. എന്റെ സുഹൃത്തായ സൈക്കോളജിസ്റ്റുമായി ഫോണിൽ സംസാരിപ്പിച്ചു. ഒടുവിൽ, ജോലി രാജിവെയ്ക്കാനും പുതുതായി തുടങ്ങിയ മറ്റൊരു ചാനലിൽ ജോയിൻ ചെയ്യാനും തീരുമാനമായി. ഒരുപക്ഷേ, മറ്റൊരു സ്ഥാപനത്തിന്റെ സമീപനം അല്പം കൂടി സൌമനസ്യമുള്ളതാണെങ്കിൽ അവന് ആരോഗ്യം വീണ്ടെടുക്കാനാവുമെന്നും ഞാൻ പ്രതീക്ഷിച്ചു. കൃത്യം രണ്ടാഴ്ചകൾക്കു ശേഷം, പുതിയ ചാനലിന്റെ പ്രൈംടൈം ന്യൂസ് അവതരിപ്പിക്കുന്ന അവനെക്കണ്ട് ഞാൻ അളവില്ലാതെ സന്തോഷിച്ചു. എന്നാൽ, ടീവി സ്ക്രീനിലെ ചിരിക്കുന്ന മുഖങ്ങൾക്ക് യഥാർത്ഥമുഖവുമായുള്ള അന്തരമെന്തെന്ന് അപ്പോൾ എനിക്കറിയാമായിരുന്നു. യാഥാർത്ഥ്യവും ഇമേജും തമ്മിലുള്ള വ്യത്യാസം ദീപക് ജോസഫ് എന്ന പത്രപ്രവർത്തകനിലൂടെത്തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു.!

ഗോവയിൽ ഫിലിം ഫെസ്റ്റിവൽ കവർ ചെയ്യാൻ പോകുന്നതിന്റെ തലേന്നുരാത്രിയാണ് പിന്നീട് അവനെന്നെ വിളിക്കുന്നത്. വിഷാദമെല്ലാം മാറി, വളരെ ഹാപ്പിയായിരുന്നു.
“ഡാ, നായിന്റെ മോനേ..ഞാൻ ഗോവയ്ക്കു പോകുവാ, നാളെ കാലത്ത്. നീ വരുന്നോ പടം കാണാൻ.?
“ഇല്ലടാ, തൽക്കാലം നിന്റെ റിപ്പോർട്ട് കാണാം.”
ഇനി ഒരാഴ്ച അവിടാ..എന്നെ കാണണമെന്നു തോന്നുമ്പം ടീവീ ഓൺ ചെയ്തോണം കേട്ടാ.. ഫെസ്റ്റിവൽ ലൈവായിട്ടങ്ങോട്ടു തന്നേക്കാം എന്താ.?”
“ഇന്നേതാ ബ്രാന്റ്..? കൊള്ളാമെന്നു തോന്നുന്നല്ലോ.?” ഞാൻ ചിരിച്ചു.
“അതു പിന്നെ മോശം വരുമോ, മിലിറ്ററി വോഡ്ക്ക ഒരെണ്ണം കിട്ടി...കൂട്ടുകാരന്റെ സംഭാവനയാ..തൊടങ്ങീട്ടേ ഒള്ളു..! ആരുമില്ലടാ..ഒറ്റയ്ക്കാ..അവളിന്നലെ വീട്ടിൽ പോയി.! “
“ദീപൂ..ഒരുപാടു കഴിക്കണ്ട. നാളെ യാത്രയുള്ളതല്ലേ..?”
“ഒന്നു പോടാ ചെറുക്കാ..നമ്മളിതൊക്കെ എത്ര കണ്ടതാ...നാളെ എന്റെ റിപ്പോർട്ട് കണ്ടിട്ട് വിവരം പറ. നീയാണല്ലോ ഇപ്പം നമ്മടെ ജൂറി..?”
ഇതായിരുന്നു, ഞങ്ങളുടെ ഒടുവിലത്തെ സംഭാഷണം. പിറ്റേന്ന് വൈകിട്ട് ഫെസ്റ്റിവലിന്റെ ആദ്യദിനം അവൻ മനോഹരമായി റിപ്പോർട്ട് ചെയ്യുന്നതുകണ്ട്, ഞാൻ അതിശയിച്ചു. ഉദ്ഘാടനചിത്രത്തിന്റെ സവിശേഷതകൾ എണ്ണിയെണ്ണിപ്പറഞ്ഞ അവൻ സംവിധായകന്റെ അഭിമുഖവും നൽകി, ആരെയുമാകർഷിക്കുന്ന പുഞ്ചിരിയോടെയാണ് അവസാനിപ്പിച്ചത്. ആഴ്ചകൾക്കു മുൻപ്, മനസ്സു തകർന്നനിലയിൽ എന്നോടു സംസാരിച്ച എന്റെ സുഹൃത്ത് തന്നെയോ ഇതെന്ന് ഞാൻ അമ്പരന്നു. ഒന്നു വിളിച്ച് അഭിനന്ദിക്കാമെന്നു കരുതിയെങ്കിലും തിരക്കിലായിരിക്കുമെന്നു കരുതി, ഞാൻ അതൊഴിവാക്കി…

* * * *

ഓർമ്മകളിലമർന്നുകിടന്ന് ഒന്നു മയങ്ങിപ്പോയി. ഉണർന്നപ്പോൾ സമയം 12. പത്തു തവണയെങ്കിലും അവന്റെ മൊബൈലിലേക്കു വിളിച്ചുനോക്കി. നമ്പർ നിലവിലില്ല എന്നാണിപ്പോൾ പറയുന്നത്. സിം കാർഡ് മാറ്റിയിട്ടുണ്ടാവുമോ.? ഒന്നും കഴിക്കാൻ തോന്നിയില്ല. മനസ്സാകെ അസ്വസ്ഥമാണ്. അവനിപ്പോൾ എവിടെയായിരിക്കും.? എന്തെങ്കിലും സാഹസം കാണിക്കുമോ..? എപ്പോഴോ ഉറങ്ങി, രാവിലെ വൈകിയാണുണർന്നത്. ഉടനെ, ജെസ്സിയുടെ അച്ഛനെ വിളിച്ചു. അവർക്കും യാതൊരു വിവരവുമില്ല. ഫോൺ നമ്പർ ഉപയോഗിച്ച് സ്ഥലം ട്രെയ് സ് ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്. പക്ഷേ, എത്രത്തോളം വിജയിക്കുമെന്നറിയില്ല. ഇടയ്ക്കിടെ അവന്റെ നമ്പർ ഡയൽ ചെയ്തുകൊണ്ട് ദിവസം മുഴുവൻ റൂമിൽ ചെലവഴിച്ചു. ഒരു ഫലവുമുണ്ടായില്ല. വെറുതെയിരുന്ന് മുഷിഞ്ഞതിനാൽ വൈകിട്ട്, സിറ്റിയിൽ പോയി, കറങ്ങിനടന്ന് തിരിച്ചെത്തി. രാത്രി, പതിനൊന്നര വരെ ഓൺലൈനിൽ എല്ലാ വാതിലുകളും തുറന്നിട്ട് ഞാൻ കാത്തിരുന്നു. ഒരു കള്ളച്ചിരിയുമായി അവൻ എവിടെയെങ്കിലും പ്രത്യക്ഷപ്പെടുമെന്നു കരുതി. വന്നില്ല. ഒരു പ്രവാസിയുടെ നിസ്സഹായതയെന്തെന്ന് പൂർണ്ണമായി ബോധ്യപ്പെട്ട നിമിഷങ്ങൾ.!

വളരെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. രാത്രിയെപ്പോഴോ ഒരു ഫോൺ മെസ്സേജിന്റെ ശബ്ദം എന്നെ ഉണർത്തി. വിറയ്ക്കുന്ന കരങ്ങളോടെയാണ് ഞാൻ മൊബൈലെടുത്ത് ആ സന്ദേശം തുറന്നുവായിച്ചത്. അതിങ്ങനെയായിരുന്നു: “ഡാ, നായിന്റെ മോനേ..നിന്നോടുമാത്രമേ പറയുന്നുള്ളു. പോട്ടേടാ..?“ എന്റെ കയ്യിലിരുന്ന് മൊബൈൽഫോൺ വിറച്ചു. വിദൂരമായ ഏതോ ദേശത്ത്, മനസ്സിന്റെ ഭാരം താങ്ങാനാവാതെ എന്റെ ആത്മസുഹൃത്ത്...എന്റെ നിസ്സഹായത എനിക്കു താങ്ങാവുന്നതിനു മപ്പുറത്തായിരുന്നു. ഇതുവരെ വിശ്വാസിയല്ലാതിരുന്ന ഞാൻ, പേരറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ച് അവനുവേണ്ടി പ്രാർത്ഥിച്ചു. പിന്നെ, ഒന്നും ചെയ്യാനില്ലാതെ പാതിരാത്രിയുടെ നിശ്ശബ്ദതയിലേയ്ക്കു നോക്കിയിരുന്നു. ഞാനറിയാതെ, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. പിന്നെ, സമനില വീണ്ടെടുത്ത്, അവന്റെ ഫോണിലേയ്ക്ക് ഒരിക്കൽക്കൂടി ഡയൽ ചെയ്തു. ‘നിങ്ങൾ വിളിക്കാൻ ശ്രമിക്കുന്നയാൾ പരിധിയ്ക്കു പുറത്താണ്.!“ നിസ്സംഗമായി, ഒരു സ്ത്രീശബ്ദം എന്റെ ചെവിയിൽ മന്ത്രിച്ചു.

Monday, August 1, 2011

എനിക്കും നിനക്കുമിടയിൽ










പ്രിയപ്പെട്ട മരണമേ,

എനിക്കും നിനക്കുമിടയിൽ ഇനിയവശേഷിക്കുന്നത് കാലത്തിന്റെ ഏതാനും കണികകൾ മാത്രമാണ്. വിപുലമായ നിന്റെ സാമ്രാജ്യത്തിലേക്ക് ഒരു പ്രജയെക്കൂടി ലഭിക്കുന്നതിൽ നിനക്കു ന്യായമായും സന്തോഷിക്കാം. എങ്കിലും, നിന്നോടൊപ്പം, അനന്തമായ ആ നിശ്ശബ്ദതയുടെ ലോകത്തിലേയ്ക്കു വരുന്നതിനു മുൻപ് എനിക്കു നിന്നോടു ചിലതു പറയാനുണ്ട്. കാരണം, ഇപ്പോൾ എന്നെ പ്രതീക്ഷിക്കുന്ന ഒരേയൊരു സുഹൃത്തും ബന്ധുവും വഴികാട്ടിയും നീ മാത്രമാണ്.!

നീ കേൾക്കുന്നുണ്ടോ.? പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കപ്പെട്ട്, സുഖദമായ തണുപ്പു നിറഞ്ഞ ഈ മുറിയിലിങ്ങനെ കിടക്കുമ്പോൾ ഇന്നെന്റെ മനസ്സ് അല്പം ശാന്തമാണ്. എന്റെ കാഴ്ചയുടെ ലോകം എത്രയോ ചുരുങ്ങിയിരിക്കുന്നു.! ഇടതുഭാഗത്തായി നഗരഹൃദയത്തിലേയ്ക്കു തുറക്കുന്ന ജനാല.. ഇടയ്ക്കിടെ മെല്ലെ ചലിക്കുന്ന അതിന്റെ നീലത്തിരശ്ശീലകൾ...അതിലൂടെ വല്ലപ്പോഴും കടന്നെത്തുന്ന നഗരത്തിന്റെ ശബ്ദവീചികൾ..ഇരുവശത്തുമായി, എന്റെ ഹൃദയമിടിപ്പും നാഡീസ്പന്ദനവും കൃത്യമായി അളന്നുകുറിക്കുന്ന മോണിട്ടറുകൾ.. എനിക്കു ജീവശ്വാസവും അന്നവും പകർന്നു തരുന്നതിൽ ജാഗരൂകരായ യന്ത്രസാമഗ്രികൾ. ഇതാണിപ്പോൾ എന്റെ ലോകം.! ദിവസത്തിന്റെയും ആഴ്ചയുടെയും കാലഗണനകൾ എനിക്കെന്നോ അന്യമായിക്കഴിഞ്ഞു. സിരകളിൽ ജീവന്റെ അവസാന തുടിപ്പുയരുന്ന ഈ നിമിഷം മാത്രമാണ് എനിക്കിപ്പോൾ സ്വന്തം. അതുമാത്രമാണ് എന്റെ സത്യം.

കൂട്ടുകാരാ, ബോധവും അബോധവും മാറിമറിയുന്ന, സ്വപ്നവും സത്യവും കൂടിക്കുഴയുന്ന, ഓർമ്മകളിൽ ഇടയ്ക്കിടെ ഞെട്ടറ്റു വീഴുന്ന ഈ അവസ്ഥയിലും ഞാൻ നിന്നെ കാണുന്നുണ്ട്. ഈ മുറിയുടെ പരിസരത്തുനിന്നു മാറാതെയുള്ള നിന്റെ ഒളിച്ചുകളികൾ...നിന്റെ കറുത്ത ശിരോവസ്ത്രവും, മുഖത്ത് സദാ തങ്ങിനിൽക്കുന്ന നിഗൂഢമായ കള്ളച്ചിരി പോലും എനിക്കു കാണാം. എനിക്കറിയാം, നീ എന്നെ കൂട്ടിക്കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്. അരൂപികളായ നിഴലുകൾ നൃത്തംവെയ്ക്കുന്ന നിന്റെ ലോകത്തേയ്ക്കു വരാൻ ഞാനും ഒരുങ്ങിക്കഴിഞ്ഞു. ഇനി, എന്റെ സന്ദേഹങ്ങൾ നിന്നോടല്ലാതെ മറ്റാരോടാണു ഞാൻ പറയുക.? ഒളിച്ചുകളിക്കാതെ, ഇനിയെങ്കിലും നീ എന്റെയടുത്തു വരൂ..ഇവിടെ ഈ കിടക്കയിൽ, എന്റെ ഹൃദയത്തോടു ചേർന്നിരിക്കൂ. ആ ശിരോവസ്ത്രമൊന്നു നീക്കിയാൽ എനിക്കാ മുഖമൊന്നു വ്യക്തമായി കാണുകയും ചെയ്യാം. നീ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഞാനൊന്നു പറയട്ടെ. എനിക്കിപ്പോൾ നിന്നെ ഒട്ടും ഭയമില്ല.!

ഒരുപക്ഷേ, നിനക്കറിയുമായിരിക്കാം, എണ്ണമറ്റ ജീവിതാഭിലാഷങ്ങളും ആസക്തികളുമായി ഒരിടത്തും നിൽക്കാതെ പായുന്ന പാവം മനുഷ്യന്റെ വിധിയെപ്പറ്റി. എങ്കിലും പറയുകയാണ്…സന്ദിഗ്ദ്ധമായ ഈ ഘട്ടത്തിൽ‌പ്പോലും, ചിലനേരങ്ങളിൽ എനിക്ക് സമചിത്തതയോടെ ചിന്തിക്കാൻ കഴിയുന്നുണ്ട്. ഒരിക്കൽ, ഞാനും ഇങ്ങനെയൊക്കെയായിരുന്നു. ഒരിക്കലും തൃപ്തിപ്പെടാത്ത ആഗ്രഹങ്ങളിലൂടെ, പിടിതരാത്ത ആർത്തികളിലൂടെ എന്റെ ജീവിതവും ഇരമ്പിപ്പായുകയായിരുന്നു. ജീവിതം എനിക്കൊരു പരീക്ഷണവസ്തു തന്നെയായിരുന്നു. ഒരിക്കൽ മാത്രം കരഗതമാകുന്ന ഈ വിസ്മയത്തുരുത്ത് ആരെയാണ് ഭ്രമിപ്പിക്കാത്തത്.? ആരെയും മോഹിപ്പിക്കുന്ന ഈ നാടകത്തിൽ ഞാനും സ്വയം മറന്നാടുകയായിരുന്നു. അതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി നിന്റെയീ രംഗപ്രവേശം. രംഗബോധമില്ലാത്ത കോമാളിയെന്ന് ചിലർ നിന്നെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല.! ഇപ്പോൾ, നാം സുഹൃത്തുക്കളായ സ്ഥിതിയ്ക്ക് എന്നോടു പറയൂ..ഇങ്ങനെ വിളിക്കുന്നതിൽ നിനക്ക് തെല്ലുപരിഭവം തോന്നുന്നുണ്ടോ.?

ഓർമ്മകൾ പഞ്ഞിക്കെട്ടുകൾ പോലെയാണ്. അടുക്കും ചിട്ടയുമില്ലാതെ മനസ്സിൽ അവ പറന്നുകളിക്കുന്നുണ്ട്. മനോഹരമായ ആ സാ‍യാഹ്നത്തിൽ, വെയിൽ ചായുന്ന നേരത്ത് അനൂപിനോടൊപ്പം സിനിമാപ്രദർശന ത്തിനായി ലൈബ്രറിഹാൾ ഒരുക്കുന്നത് എനിക്കു വ്യക്തമായി ഓർമ്മയുണ്ട്. മൃതിയുമായുള്ള ഒരു മനുഷ്യന്റെ ചതുരംഗം തത്വചിന്താപരമായി ചിത്രീകരിച്ച ബെർഗ് മാന്റെ ‘ഏഴാംമുദ്ര‘യിലെ രംഗങ്ങൾ...മാരകമായ പ്ലേഗിന്റെ പിടിയിലമർന്ന നഗരത്തിന്റെ ഇരുണ്ട ദൃശ്യങ്ങൾ...ഒരുവേള, ആ സിനിമ തന്നെ അന്നു ഞങ്ങൾ സ്ക്രീനിങ്ങിനു തെരഞ്ഞെടുത്തതിനു പിന്നിൽപ്പോലും നിന്റെ അദൃശ്യമായ ഇടപെടൽ ഉണ്ടായിരുന്നോ എന്നു ഞാൻ സംശയിക്കുന്നു. പിന്നെ, രാത്രി വൈകി അനൂപിനെ പിന്നിലിരുത്തി ഞാൻ നഗരത്തിലൂടെ ബൈക്കോടിക്കുന്ന ദൃശ്യം. റോഡിലേയ്ക്കു തെറിച്ചുവീണ എന്റെ നേർക്ക് ഉരുണ്ടുവരുന്ന ഒരു വലിയ ടയറിന്റെ ക്ലോസ്സപ്പ്..! എന്റെ ഓർമ്മകൾ പൊടുന്നനെ ഇവിടെ അവസാനിക്കുന്നു. ഇടയ്ക്കൊന്നു ചോദിച്ചോട്ടെ. പൊടിമഴ പെയ്തു കൊണ്ടിരുന്ന ആ രാത്രിയിൽ സുഹൃത്തേ, ആ കൊടുംവളവിലെ ഇരുട്ടിൽ നീ ഒളിച്ചിരിപ്പുണ്ടായിരുന്നോ..?

നിനക്കറിയുമോ.? ചിലപ്പോഴൊക്കെ പേടിപ്പെടുത്തുന്ന ഓർമ്മകളിൽ മുങ്ങിത്താണ് എനിക്കു ശ്വാസംമുട്ടാറുണ്ട്. അപ്പോഴൊക്കെ, ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങും. ദീർഘമായി ഒരു ശ്വാസമെടുത്ത് അല്പസമയത്തിനകം, ഞാൻ സമനില കൈവരിക്കും. ഒരു ഇടവേളയ്ക്കു ശേഷം പിന്നെയും ഓർമ്മകൾ വിരുന്നുവരും…വളരെ നീണ്ട ഒരുറക്കത്തിൽ നിന്ന് പെട്ടെന്നുണർന്ന ആ ദിവസം ഞാനിപ്പോൾ ഓർക്കുന്നു. ചെവിയിൽ ആരോ പേരു ചൊല്ലി വിളിക്കുന്നതു പോലെയാണു തോന്നിയത്. മെല്ലെ കണ്ണു തുറന്നപ്പോൾ കണ്ടത് അനൂപിന്റെ മുഖമാണ്. അവന്റെ ചുണ്ടിൽ ആശ്വാസത്തിന്റെ ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു. തളർന്ന എന്റെ കൈവിരലുകളിൽ അവൻ കൈകൾ കോർത്തുപിടിച്ചിരുന്നു. നെറ്റിയിൽ തലോടിക്കൊണ്ട് അവൻ എന്നോട്, ‘വേദനയുണ്ടോ‘ എന്നു ചോദിച്ചു. അപ്പോഴാണ് ശരീരത്തെപ്പറ്റി എനിക്കോർമ്മവന്നത്. പതിയെപ്പതിയെ, ശരീരത്തിൽ പലയിടത്തുനിന്നുമായി വേദനകൾ ഉണർന്നു വരുന്നുണ്ടായിരുന്നു.

ദീപ്തമായ മറ്റൊരോർമ്മ ആലീസെന്ന നഴ്സിന്റെ കരുണ കത്തുന്ന കണ്ണുകളാണ്. എനിക്കിഷ്ടപ്പെട്ട പേരായതിനാൽ ആലീസിനെ ഞാൻ മറക്കില്ല. വിളക്കു കൊളുത്തിവെച്ചതു പോലെ പ്രകാശിക്കുന്ന അവളുടെ മുഖം കാണുമ്പോൾ ഏതോ ചുമർചിത്രത്തിൽ പണ്ടെന്നോ കണ്ട ഒരു മാലാഖയെ എനിക്കോർമ്മ വരും. ഈ മാലാഖയാണ് എന്റെ വേദനകളെ ശമിപ്പിക്കുന്നത്. സ്നേഹത്തോടെ അവൾ എന്റെ കൈത്തണ്ടയിൽ കുത്തിവെക്കുന്ന മരുന്നാണ് എന്നെ എല്ലാ വേദനകളിൽ നിന്നും മോചിപ്പിക്കുന്നത്. പാദം മുതൽ ശിരസ്സുവരെയുള്ള എന്റെ കോശങ്ങളെ പടിപടിയായി നീണ്ട ഉറക്കത്തിലേക്കു നയിക്കുന്നത്. കൂട്ടുകാരാ, നിന്റെ ഗാഢാലിംഗനത്തിലും ഇതുപോലുള്ള ഒരനുഭവമായിരിക്കാം എന്നെ കാത്തിരിക്കുന്നത് അല്ലേ..?

ഒരുപക്ഷേ, നീ ശ്രദ്ധിച്ചുകാണും...ആദ്യമൊക്കെ എന്റെ മുറിയ്ക്കു മുന്നിൽ ബന്ധുക്കളുടെ തിരക്കായിരുന്നു. മുൻപിൽ വന്നുനിന്നു കണ്ണീരൊഴുക്കാൻ അവർ മത്സരിക്കുന്നതു പോലെയാണ് എനിക്കു തോന്നിയത്. ഇത്രയേറെ സ്നേഹിക്കപ്പെടു ന്നുണ്ടോയെന്ന് ഞാൻ സ്വയം അത്ഭുതപ്പെട്ടു. ബോധാബോധങ്ങൾക്കിടയിലൂടെ അമ്മയുടെ അമർത്തിയ ഗദ്ഗദവും അച്ഛന്റെ പതിഞ്ഞ സ്വരത്തിലുള്ള നിർദ്ദേശങ്ങളും ഞാൻ കേട്ടു. പിന്നെയും നീണ്ട ഉറക്കത്തിലേയ്ക്കു വഴുതി. പതിയെപ്പതിയെ, സന്ദർശകരുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വന്നു. ഇടയ്ക്കിടെയുള്ള ഉണർവിന്റെ വേളകൾ ബന്ധങ്ങളുടെ നെല്ലും പതിരും എനിക്കു വേർതിരിച്ചുതന്നു. നേർത്തുനേർത്തുവരുന്ന നൂലിഴകൾ.! ഒടുവിലിപ്പോൾ, എനിക്കു ബന്ധുക്കളായി, എന്റെ ആത്മസുഹൃത്തായ അനൂപും ആലീസും പിന്നെ നീയും മാത്രമായി.

അന്തിമമായ കണക്കെടുപ്പിന്റെ ഈ വേളയിൽ, നിന്നോടുമാത്രമായി ഒരു രഹസ്യം പറയട്ടെ. എന്റെ നഷ്ടങ്ങളെപ്പറ്റി ഇനിയെനിക്കു വേവലാതിയില്ല. പുലർവേളയിൽ എന്നെ വിളിച്ചുണർത്തിയ കിളിപ്പാട്ടുകൾ, എന്റെ ഹൃദയത്തിൽ കുളിർനിറച്ച പാടങ്ങൾ, പുഴകൾ; എന്റെ ഇഷ്ടസിനിമകൾ, എനിക്കു പ്രിയപ്പെട്ട പുസ്തകശേഖരം..ഒക്കെയും ഞാനെന്റെ ഓർമ്മയിൽ നിന്നു മായ്ച്ചുകളയുന്നു. ബാധ്യതയായി മാറിക്കഴിഞ്ഞ വ്യർത്ഥബന്ധങ്ങളിലേയ്ക്കു മടങ്ങാൻ എനിക്കിനി ആഗ്രഹമില്ല.! പകരം, നിന്റെ സാമ്ര്യാജ്യത്തിന്റെ നിഗൂഢരഹസ്യങ്ങൾ എനിക്കറിയണം. ദയവായി, സ്നേഹപൂർവമുള്ള ഒരാലിംഗനത്താൽ അഴുകിജീർണ്ണിച്ച ഈ പാഴ് വസ്ത്രത്തിൽ നിന്ന് എന്നെ മോചിപ്പിക്കുക....കൂട്ടുകാരാ, എനിക്കെന്തോ വല്ലാത്തൊരു ക്ഷീണം തോന്നുന്നു. ഞാനൊന്നു മയങ്ങട്ടെ..ഒരുപക്ഷേ ഇനി ഞാനുണരുമ്പോൾ, അത് മായികമായ നിന്റെ ലോകത്തിലേയ്ക്കാണെങ്കിൽ ഹാ..എന്റെ ജന്മം സഫലമായി.!